ഗോൾഡ് കോസ്റ്റ്: ഇന്ന് നടക്കുന്ന 21-ാം കോമണ്‍വെൽത്ത് ഗെയിംസ് ക്ലോസിംഗ് സെറിമണിയിൽ ഇന്ത്യയുടെ പതാകയേന്തുന്നത് മേരികോം. കോമണ്‍വെൽത്തിൽ ആദ്യമായി മത്സരിക്കാനെത്തിയ മേരികോം ഫ്ളൈവെയ്റ്റ് വിഭാഗത്തിൽ ഇന്നലെ സ്വർണം സ്വന്തമാക്കിയിരുന്നു. മുപ്പത്തഞ്ചുകാരിയായ ഇന്ത്യൻ ബോക്സർ അഞ്ച് തവണ ലോകചാന്പ്യൻഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്.
ആദ്യമായാണ് ഇതുപോലൊരു മത്സരവേദിയിൽ ഇന്ത്യയുടെ പതാകയേന്താൻ അവസരം ലഭിച്ചതെന്ന് മേരികോം പ്രതികരിച്ചു. ഇന്ത്യൻ പതാകയേന്താൻ ലഭിച്ച അവസരത്തെ വിലമതിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഏഷ്യൻ ചാന്പ്യൻഷിപ്പും കോമണ്‍വെൽത്തും ഉൾപ്പെടെ മൂന്ന് സ്വർണ നേട്ടമാണ് മേരികോം സ്വന്തമാക്കിയത്.