മങ്കൊന്പ്: നാരകത്തറ പാത്തേരിൽ മേരിക്കുട്ടിടീച്ചറിന് എണ്പതുവയസുകഴിഞ്ഞു. കോഴിച്ചാൽ തെക്കുപാടശേഖരത്തിനുള്ളിലെ വീട്ടിൽ ഒറ്റയ്ക്കാണു താമസം. വിമോചനസമരകാലം മുതൽ വോട്ടുചെയ്തുതുടങ്ങിയ ഓർമകൾ ടീച്ചറിന്റെ മനസിലുണ്ട്.
അതുമുതലിങ്ങോട്ട് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽ നിർബന്ധ ബുദ്ധിയുള്ളയാളാണ് ടീച്ചർ. ശാരീരികാവശതകൾ മൂലം കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാവാതെ പോയത് ടീച്ചർക്കു വലിയ ദുഃഖവുമായി.
എണ്പതു കഴിഞ്ഞതിനാൽ തപാൽവോട്ടിന്റെ കാര്യങ്ങൾ ക്രമീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ടീച്ചർ.
തൊട്ടയൽപക്കംവരെ വോട്ടിംഗിനായി ഉദ്യോഗസ്ഥരെത്തിയതുമാണ്. വിവരമറിഞ്ഞ പൂർവവിദ്യാർഥികളിൽ ചിലർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ലെന്നും പറയപ്പെടുന്നു. ഇത്തവണ വോട്ടുചോദിക്കാനോ സ്ലിപ്പുകൊടുക്കാനോ ആരും ടീച്ചറുടെ വീട്ടിലേക്ക് എത്തിയില്ല.
സ്ഥാനാർഥി കളോ പ്രവർത്തകരോ തിരി ഞ്ഞുനോക്കിയില്ല. സർക്കാർ ചുമതലയിലുള്ളവർ സ്ലിപ്പുമായി എത്തിയതിനാലാണ് വോട്ടുണ്ടെന്ന കാര്യം ടീച്ചർക്ക് ഉറപ്പിക്കാനായത്.ശാരീരികാവശതകൾ മറന്ന് പൂർവവിദ്യാർഥികളിൽ ചിലരുടെ സഹായത്തോടെയാണ് നാരകത്തറയിലുള്ള ബൂത്തിലെത്തി ടീച്ചറിന്നലെ വോട്ടു ചെയ്തത്.
സ്വന്തംസ്ഥലത്തുകൂടിയുള്ള റോഡുപണി പൂർത്തീകരിച്ചിട്ടും വീടിനെ റോഡുമായി ബന്ധിപ്പിക്കാനാവാതെ ക്ലേശിക്കുന്ന ടീച്ചറുടെ ദയനീയാവസ്ഥ നേരത്തേ വാർത്തയായിരുന്നു. കുട്ടനാട്ടിലെ തണ്ണീർത്തട വിവാദങ്ങളാണ് ടീച്ചറെപ്പോലുള്ള അനേകർക്ക് വിനയായത്.
എന്തായാലും പ്രാദേശികരാഷ്ട്രീയ നേതൃത്വങ്ങളും മറ്റും സഹായിച്ചതിനാൽ, കുറെയേറെ പണം ചെലവായെങ്കിലും വീട്ടിലേക്കുള്ള വഴി ശരിയായതിന്റെ സന്തോഷത്തിലാണ് ടീച്ചറിപ്പോൾ. അവർക്കെല്ലാമുള്ള നന്ദികൂടിയാവാം ടീച്ചറിന്റെ വോട്ട്.