ഇളയദളപതി വിജയ് മൂന്ന് വേഷങ്ങളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം മെർസൽ വൻ വിജയമായിരുന്നു. ഇപ്പോഴിത ഈ ചിത്രം ചൈനയിൽ പ്രദർശിപ്പിച്ച് വിജയം ആവർത്തിക്കുവാനൊരുങ്ങുകയാണ്. ചിത്രം മൊഴിമാറ്റി ചൈനയിൽ പ്രദർശിപ്പിക്കുവാനുള്ള അവകാശത്തിനായി ഒരു നിർമാണ കമ്പനി ചിത്രത്തിന്റെ നിർമാതാക്കളെ സമീപിച്ചുവെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.
മാത്രമല്ല ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്തവർഷം ആദ്യമോ ചൈനയിലെ തീയറ്ററുകളിൽ ചിത്രം എത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്രകാരം നടന്നെങ്കിൽ ചൈനയിൽ പ്രദർശിപ്പിക്കുന്ന ആദ്യത്തെ തമിഴ് ചിത്രമെന്ന റിക്കാർഡും മെർസൽ സ്വന്തമാക്കും.
ബാഹുബലി, സുൽത്താൻ, ദംഗൽ തുടങ്ങിയ ചിത്രങ്ങൾ ചൈനയിൽ പ്രദർശിപ്പിച്ച് മികച്ച കളക്ഷൻ കോരിയ ഇന്ത്യൻ സിനിമകളാണ്. ഈ വിജയം മെർസൽ ആവർത്തിക്കുമോ എന്ന് കാത്തിരുന്നു കാണാം.
അറ്റ്ലി സംവിധാനം ചെയ്ത മെർസലിൽ സാമന്ത, നിത്യാ മേനോൻ, കാജൽ അഗർവാൾ എന്നിവരായികുന്നു നായികമാർ. എസ്.ജെ. സൂര്യ, വടിവേലു, സത്യരാജ്, കോവൈ സരള, രാജേന്ദ്രൻ, സത്യൻ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.