ഡൊമനിക് ജോസഫ്
കോവിഡ് കാലത്ത് സ്വന്തം രക്ഷ നോക്കി ഭൂരിഭാഗം പേരും മാളത്തിൽ ഒളിച്ചപ്പോൾ ഒരു പറ്റം യുവാക്കൾ കോവിഡിനൊപ്പം സഞ്ചരിക്കാൻ ഇറങ്ങി. അവർ ആശ്വാസത്തിന്റെ വാക്കുകൾ ജനങ്ങൾക്ക് പങ്കുവച്ചു. ചോദിച്ചത് താങ്കളെ സഹായിക്കുവാൻ ഞങ്ങൾ എന്ത് ചെയ്യണമെന്ന്.
കോവിഡ് കാലത്ത് ജനങ്ങളുടെ ചെറുതും വലുതുമായ നിരവധി ആവശ്യങ്ങളിൽ നിങ്ങളെ സഹായിക്കാൻ 20 അംഗ ടീം എന്തിനും തയാറായി ഉണ്ടായിരുന്നു.
മെർട്ട് എന്ന സംഘടനയാണ് സഹായ ഹസ്തവുമായി കോവിഡ് കലത്ത് ജനങ്ങൾക്ക് ഒപ്പം നിന്നത്. പോലീസിനെയും ആരോഗ്യപ്രവർത്തകരെയും സഹായിക്കുവാൻ ഇവർ കൂടെ ഉണ്ടായിരുന്നു.
എല്ലാവർക്കും സഹായികൾ
കോവിഡിൽ എല്ലാം നിശ്ചലമായ അവസ്ഥയിൽ റോഡുകളെല്ലാം വിജനം. പോലീസ് ബാരിക്കേഡുകൾ തീർത്ത് എല്ലാം ഭദ്രമാക്കി അത്യാവശ്യ സർവീസുകൾ മാത്രം നൽകിയ സമയം.
എന്നാലും അവശ്യസർവീസുകളുമായി ധാരാളം വാഹനങ്ങൾ നിരത്തുകളിൽ എത്തി. ഇത്തരം വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുവാനും കാര്യങ്ങൾ മനസിലാക്കുവാനും പോലീസിനൊപ്പം സന്നദ്ധ ഭടൻമാരായി മെർട്ടിന്റെ യുവാക്കളും ഉണ്ടായിരുന്നു.
വാഹനത്തിൽ വരുന്നവരുടെ അടുത്തുചെന്ന് സംസാരിക്കുന്പോൾ കോവിഡ് എന്ന പേടിയെ ഇവർ പൊതു സമൂഹസുരക്ഷയ്ക്കായി മാറ്റി വച്ചു. ഇക്കാലയളവിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കുവാനും ഇവർ മുന്നിട്ടിറങ്ങി.
കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ എത്തിയവരെ സഹായിക്കുവാൻ ഇവർ കൂടെയുണ്ടായിരുന്നു. വീടുകളിൽ കഴിയുന്നവർക്ക് അത്യാവശ്യമായി വരുന്ന മരുന്നുകൾ വാങ്ങി വീടുകളിൽ എത്തിക്കുന്നതിനും ഈ ടീം പ്രവർത്തിച്ചു.
കാൻസർ, വൃക്ക, കരൾ തുടങ്ങിയ രോഗങ്ങൾക്ക് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടുന്ന നിരവധി പേരുണ്ട്.
ഇവർക്കുള്ള അവശ്യ മരുന്നുകൾ ഇവിടങ്ങളിൽ നിന്നും കൃത്യമായി വാങ്ങി എത്തിച്ച് കൊടുത്തത് നിരവധി പേർക്ക് ഗുണകരമായി. കോവിഡ് തുടങ്ങിയ കാലം മുതൽ പൊതു സ്ഥലങ്ങളും പ്രധാന സ്ഥാപനങ്ങളും അണുനശീകരണം നടത്തി വന്നത് ഈ യുവാക്കളാണ്.
ആഹാരവും അവശ്യവസ്തുക്കളും
കോവിഡ് കാലത്ത് ആഹാരവും അവശ്യ വസ്ക്കുളും ലഭിക്കാതെ അലഞ്ഞ നിരവധി പേരുണ്ട്. ഇതിൽ ഒരു കൂട്ടരായിരുന്നു ദീർഘദൂര ലോറി ജീവനക്കാർ. ദിവസങ്ങളോളം ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങി പോയ നിരവധി ലോറി ഡ്രൈവർമാർക്കും മറ്റ് തൊഴിലാളികൾക്കും മെർട്ടിന്റെ പ്രവർത്തനം ആശ്വാസകരമായി.
ഇവർക്ക് മിക്ക ദിവസങ്ങളിലും ഭക്ഷണവും വെള്ളവും എത്തിച്ച് നൽകിയിരുന്നു. അന്യസംസ്ഥാനക്കാരായ ഇത്തരത്തിലെ നിരവധിപേർക്ക് ആഹാരവും അവശ്യവസ്തുക്കളും നൽകി ആശ്വാസത്തിന്റെ പുഞ്ചിരി സമ്മാനിക്കുവാൻ ഇവരുടെ പ്രവർത്തനങ്ങൾക്കായി.
വീടുകളിൽ കഴിഞ്ഞ നിരവധി പേർക്ക് ഇത്തരത്തിൽ മരുന്നുകൾക്കൊപ്പം ആഹാരവും അവശ്യവസ്തുക്കളും നൽകി. സഹജീവികൾക്ക് അവശ്യഘട്ടത്തിൽ തണലായി കോവിഡ് കാലത്ത് ഈ സംഘത്തിലെ യുവാക്കൾ പ്രവർത്തിച്ചു.
കോവിഡ്കാലത്തെ രക്തദാനം
കോവിഡ്കാലത്ത് രോഗികൾ ഏറെ വലഞ്ഞത് വിവിധ ശസ്ത്രക്രിയകൾക്ക് ആവശ്യമായ രക്തം ലഭിക്കാതെയാണ്. രക്തബാങ്കുകളിലും ആവശ്യത്തിന് ഇല്ലാത്ത അവസ്ഥയായി.
രക്തം ആവശ്യമായ പല ശസ്ത്രക്രിയകളും മാറ്റി വച്ച സംഭവവും ഉണ്ടായി. ഈ കാലത്താണ് യാതൊരു ഭയവുമില്ലാതെ കോവിഡിനൊപ്പം സഞ്ചരിച്ചിരുന്ന യുവാക്കൾ രക്തദാനത്തിനും തയ്യാറായാത്.
പരുമല, തിരുവല്ല, കോട്ടയം മെഡിക്കൽ കോളേജ്, വണ്ടാനം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ രക്തം ആവശ്യമായി വന്ന രോഗികൾക്ക് നൽകുവാൻ എത്തിയത് മെർട്ടിന്റെ അംഗങ്ങളായിരുന്നു.
200 ഓളം രോഗികൾക്ക് ജീവൻ നൽകുവാൻ ഇവരുടെ രക്തദാനത്തിലൂടെ ഇക്കാലയളവിൽ കഴിഞ്ഞു.
വാഹനാപകടത്തിലും രക്ഷകരായി
വാഹനാപകടത്തിൽ പെടുന്നവരുടെ രക്ഷകരായി മാറി മെർട്ട്. വാഹനാപകത്തിൽ പരിക്കേറ്റ് റോഡിൽ കിടക്കുന്നവരെ നിയമത്തിന്റെ പുലിവാലു പിടിക്കേണ്ട എന്ന് കരുതി മാറി നിൽക്കുന്നവർക്കിടയിലേക്കാണ് മെർട്ടിന്റെ പ്രവർത്തകർ ഓടി എത്തുന്നത്.
അപകടത്തിൽപ്പെട്ട് കിടക്കുന്നവർ ആരാണെന്നോ കോവിഡ് രോഗമുള്ളവരാണോ എന്നെന്നും നോക്കാതെ ജീവൻ രക്ഷിക്കുകയെന്ന ദൗത്യം മുൻനിർത്തി ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയാണ് ഇവരുടെ ആദ്യ പടി. ആശുപത്രിയിൽ എത്തിച്ച ശേഷമാകും പോലീസിനെയും വീട്ടുകാരെയും വിവരം അറിയിക്കുക.
ഇത്തരത്തിലുള്ള ഇടപെടൽ മൂലം നിരവധി ആളുകളുടെ ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞതായി ഇവർ പറയുന്നു. മരങ്ങൾ ഒടിഞ്ഞ് വീണ് ഗതാഗത തടസങ്ങൾ ഉണ്ടാകുന്ന അവസരത്തിൽ ഇവ വെട്ടി മാറ്റുവൻ മുൻകൈയ്യെടുത്ത് ഇവർ ഉണ്ടാകും.
24 മണിക്കൂറും കോൾ സെന്റർ
ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടുവാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ആരംഭിച്ചിട്ടുണ്ട്.
രണ്ട് വർഷം മുന്പ് തുടങ്ങിയ മാന്നാർ എമർജൻസി റെസ്ക്യൂ ടീം(മെർട്ട്)പ്രവർത്തനം കോവിഡ് കാലത്ത് ഏറെ ഗുണകരമായിരുന്നു.
രാജീവ് പരമേശ്വരൻ-രക്ഷാധികാരി, രഘുധരൻ-പ്രസിഡന്റ്, അൻഷാദ്.പി.ജെ-സെക്രട്ടറി, ഷിനാജ്-ട്രഷറാർ ആയുള്ള കമ്മറ്റിയാണ് മെർട്ടിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.