ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ലയണൽ മെസിയുടെ ഹാട്രിക്കിലൂടെ ബാഴ്സലോണയ്ക്ക് എവേ പോരാട്ടത്തിൽ മിന്നും ജയം. റയൽ ബെറ്റിസിനെ അവരുടെ തട്ടകത്തിൽവച്ച് 1-4നാണ് ബാഴ്സ കീഴടക്കിയത്. 18, 45+2, 85 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. ലൂയിസ് സുവാരസ് (63-ാം മിനിറ്റ്) ബാഴ്സയുടെ പട്ടിക പൂർത്തിയാക്കി.
കരിയറിൽ മെസിയുടെ 51-ാം ഹാട്രിക്കാണിത്. ലാ ലിഗയിൽ 33-ാമത്തേതും. ബാഴ്സലോണയ്ക്കായി വിവിധ മത്സരങ്ങളിൽനിന്നായി 45-ാം തവണയാണ് മെസി ഹാട്രിക് സ്വന്തമാക്കുന്നത്. ലാ ലിഗയിൽ ഏറ്റവും അധികം തവണ ഹാട്രിക് നേടിയ താരമെന്ന റിക്കാർഡ് സ്വന്തമാക്കാൻ മെസിക്ക് ഒരു ഹാട്രിക്ക് കൂടി മതി.
34 ഹാട്രിക് നേടിയ റയൽ മാഡ്രിഡിന്റെ മുൻ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പേരിലാണ് ലാ ലിഗ റിക്കാർഡ്. സീസണിൽ മെസിയുടെ പേരിൽ 29 ഗോൾ ആയി. യൂറോപ്പിലെ പ്രധാന അഞ്ച് ലീഗുകളിൽ ഏറ്റവും അധികം ഗോൾ നേടിയ താരമാണ് മെസി.