മുംബൈ: ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സാപ്പിന്റെ സവിശേഷതകളിലൊന്നായ എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ സംവിധാനം ഫേസ്ബുക്ക് മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും അവതരിപ്പിക്കുമെന്നു ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബെർഗ്.
സോഷ്യൽ മീഡിയയിലെ സ്വകാര്യത സംരക്ഷണത്തെക്കുറിച്ചുള്ള വിശദമായ ബ്ലോഗ് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വാട്സാപ്പിലുടെ അയയ്ക്കുന്ന സന്ദേശങ്ങൾ ടെലികോം ദാതാവിനോ ഇന്റർനെറ്റ് പ്രൊവൈഡർക്കോ വായിക്കാനാവാത്ത വിധം കോഡ് രൂപത്തിലാക്കുന്ന സംവിധാനമാണ് എൻഡ്- ടു- എൻഡ് എൻക്രിപ്ഷൻ. എന്നാൽ, പുതിയ സംവിധാനം എന്നാണ് മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും അവതരിപ്പിക്കുകയെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല.
വാട്സാപ്പ്, ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവ സംയോജിപ്പിക്കാനുള്ള നീക്കം ഫേസ്ബുക്ക് നടത്തുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു ആപ്പിൽനിന്ന് പുറത്തിറങ്ങാതെ തന്നെ മറ്റു രണ്ട് ആപ്പുകളും ഉപയോഗിക്കാവുന്ന വിധത്തിലാണ് ആപ്പുകളുടെ സംയോജനമെന്നാണു കേൾക്കുന്നത്.