പ്രാഗ്/ആംസ്റ്റർഡാം: ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ തുടർച്ചയായ 15-ാം സീസണിലും ഗോൾ നേടി ചരിത്രം കുറിച്ച ലയണൽ മെസിയുടെ മികവിൽ സ്പാനിഷ് വന്പന്മാരായ ബാഴ്സലോണയ്ക്ക് എവേ പോരാട്ടത്തിൽ ജയം. സ്ലാവിയ പ്രേഗിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ബാഴ്സയുടെ ജയം.
മൂന്നാം മിനിറ്റിൽ മെസിയിലൂടെ ബാഴ്സ മുന്നിലെത്തി. അതോടെ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യ മൂന്ന് മിനിറ്റിനുള്ളിൽ ഏറ്റവും ഗോൾ നേടിയ താരമെന്ന റിക്കാർഡിൽ റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം റൗളിനൊപ്പമെത്താനും മെസിക്കായി, മൂന്ന് ഗോൾ.
ഗ്രൂപ്പ് എഫിൽ മെസിയുടെ ഗോളിൽ മുന്നിൽ കടന്നെങ്കിലും 50-ാം മിനിറ്റിൽ ജാൻ ബോറിലൂടെ സ്ലാവിയ ഒപ്പമെത്തി. ഏഴ് മിനിറ്റിനുശേഷം പീറ്റർ ഒലായിങ്കയുടെ സെൽഫ് ഗോളിൽ ബാഴ്സ മുന്നിലെത്തി. ആ ഗോളിൽ ബാഴ്സ ജയം സ്വന്തമാക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇന്റർമിലാൻ സ്വന്തം തട്ടകത്തിൽവച്ച് 2-0ന് ഡോർട്ട്മുണ്ടിനെ കീഴടക്കി. മാർട്ടിനെസ് (22), അന്റോണിയോ ചന്ദ്രേവ (89) എന്നിവരായിരുന്നു ഗോൾ നേട്ടക്കാർ.
ചെൽസി, ലിവർപൂൾ, നാപ്പോളി
ഗ്രൂപ്പ് ഇയിൽ നാപ്പോളിയും ലിവർപൂളും എവേജയം നേടി. നാപ്പോളി സൽസ്ബർഗിനെ 3-2നും ലിവർപൂൾ 4-1ന് റെസിംഗ് ജെങ്കിനെയും കീഴടക്കി. കാന്പെർല്യൻ (2, 57) സാദിയോ മാനെ (77), മുഹമ്മദ് സല (87) എന്നിവരാണ് ലിവർപൂളിനായി വലകുലുക്കിയത്. നാപ്പോളിയും (ഏഴ് പോയിന്റ്) ലിവർപൂളും (നാല് പോയിന്റ്) ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്. ഗ്രൂപ്പ് എച്ചിൽ ചെൽസി എവേ പോരാട്ടത്തിൽ അയാക്സിനെ 1-0നു മറികടന്ന് ഒന്നാമതെത്തി. ഗ്രൂപ്പ് ജിയിൽ ലീപ്സിഗ് 2-1ന് സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗിനെ കീഴടക്കി ഒന്നാമതെത്തി.