മത്സരങ്ങൾ, ടീമിനൊപ്പമുള്ള ടൂറുകൾ, പരിശീലനം, പരസ്യ ചിത്രങ്ങളിലെ അഭിനയം, സ്വന്തം ബിസിനസുകൾ ഇങ്ങനെ തിരക്കുകൾ പലതുണ്ടെങ്കിലും അല്പമെങ്കിലും ഇടവേള വീണു കിട്ടിയാൽ മെസി ഒാടിയെത്തുന്ന ഇടമുണ്ട്, അത് ഏതെങ്കിലും വന്പൻ ടൂറിസ്റ്റ് കേന്ദ്രങ്ങളോ വിനോദ കേന്ദ്രങ്ങളോ ഒന്നുമല്ല, പിന്നെയോ? സ്വന്തം കുടുംബം തന്നെ.
ഇടവേള കിട്ടുന്പോഴൊക്കെ സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്.ഇടവേളകൾ കിട്ടുന്പോഴൊക്കെ സകുടുംബം ടൂർ ആണ് പ്രധാന വിനോദം. അധികം ദൂരേയ്ക്ക് അല്ല ഇവരുടെ യാത്രകൾ. എന്നാൽ, കുട്ടികൾക്കു രസിക്കുന്ന ഇടങ്ങളിലേക്കുള്ള യാത്ര സർവസന്നാഹങ്ങളോടുംകൂടെ തന്നെയായിരിക്കും.
ഇഷ്ട ഇടങ്ങൾ
സ്പെയിനിലെ ഇബിസയാണ് മെസിക്കും കുടുംബത്തിനും ഏറെ പ്രിയപ്പെട്ട ഇടം. കോവിഡ് കാലത്തു പോലും മെസി ഇബിസ സന്ദർശിച്ചിരുന്നു. യാത്രയിൽ മെസിയുടെ കുടുംബവും സുഹൃത്ത് ലൂയിസ് സുവാരസുമുണ്ടായിരുന്നു. ഫോർമെൻട്ര എന്ന കൊച്ചു ദ്വീപാണ് കുടുംബത്തിനു പ്രിയപ്പെട്ട മറ്റൊരിടം.
കാറ്റലോണിയയിലെ സിറ്റഗസ്, കരീബിയനിലെ ആന്റിഗ്വാ, അർജന്റീനയിലെ റൊസാരിയോ എന്നിങ്ങനെ നീളും ഇവർക്കു പ്രിയപ്പെട്ട അവധിക്കാല കേന്ദ്രങ്ങളുടെ പട്ടിക. അധികം നീളമില്ലാത്ത ഈ പട്ടികയുടെ ഒടുവിൽ മെസിക്കും കുടുംബത്തിനും ഏറ്റവും പ്രിയപ്പെട്ടയിടം തങ്ങളുടെ വീടു തന്നെയാണ്. പിന്നെ, ഏതൊരു ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഉള്ളതിനേക്കാൾ സൗകര്യങ്ങൾ ഈ സ്വപ്ന സൗധത്തിലുണ്ട്.
ലിയോ മെസി ഫൗണ്ടേഷൻ
ചെറുപ്പത്തിൽ തനിക്കുണ്ടായിരുന്ന രോഗം ചികിത്സിക്കാൻ മാതാപിതാക്കളുടെ പക്കൽ പണമില്ലാതിരുന്നതും രോഗകാരണത്താൽ ഒരു ക്ലബിൽനിന്നു പുറത്താക്കപ്പെട്ടതും മെസി മറന്നിട്ടില്ല. അതുകൊണ്ടുതന്നെ സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരോടുള്ള കരുതൽ താരത്തിന്റെ മനസിലുണ്ട്.
താൻ നേരിട്ട അവസ്ഥ പിറന്നു വീഴുന്ന മറ്റൊരു കുഞ്ഞിനും ഉണ്ടാകരുതെന്ന അതിയായ ആഗ്രഹവും അദ്ദേഹത്തിനുണ്ട്. പാവപ്പെട്ട കുട്ടികൾക്കു സഹായം നൽകുക എന്ന ലക്ഷ്യത്തോടെ 2007ൽ അർജന്റീനയിൽ ലിയോ മെസി എന്ന ഫൗണ്ടേഷന് അദ്ദേഹം രൂപം നൽകി.
ചെറിയ കുട്ടികളുടെ ചികിത്സാ സഹായവും വിദ്യാഭ്യാസ സഹായവുമാണ് ലിയോ മെസി ഫൗണ്ടേഷനിൽനിന്നു പ്രധാനമായി നൽകിവരുന്നത്.
കടന്നുവന്ന വഴികൾ
താരപ്രഭയുടെയും സന്പത്തിന്റെയും വലിയ ലോകം മുന്നിൽ തുറന്നപ്പോഴും കടന്നുവന്ന വഴികളെ മറക്കുന്നയാളായിരുന്നില്ല കാൽപന്തുകളിയുടെ രാജകുമാരൻ. അതുകൊണ്ടു തന്നെ അതിവേഗം പ്രശസ്തിയുടെ കൊടുമുടി കയറുന്പോഴും തന്റെ ബാല്യകാല സഖിയെ മറന്നില്ല.
ബാല്യകാലസഖിയായ ആന്റൊനെല്ലാ റൊക്കസോയെയാണ് മെസി ജീവിതത്തിലും പങ്കാളിയാക്കിയത്. അർജന്റീന സ്വദേശിനിയാണ് ആന്റൊനെല്ല. മെസിയുടെ അടുത്ത സുഹൃത്തായ ലൂക്കാസിന്റെ ബന്ധു.ലൂക്കാസിനൊപ്പം സമയം ചെലവഴിക്കുന്നതിനിടെയാണ് മെസി ആന്റൊനെല്ലയെ ആദ്യമായി കാണുന്നതും.
മെസിയുടെ വളർച്ചയുടെ ഒാരോ ഘട്ടത്തിലും നിശബ്ദയായി ഒപ്പംനടക്കാൻ ആന്റോനെല്ല ഉണ്ടായിരുന്നു. ആന്റൊനെല്ലയെ കണ്ടപ്പോൾത്തന്നെ അവരോടു പ്രണയം തോന്നിയെന്നു മെസിതന്നെ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.
(തുടരും).