കൂട്ടുകാരൻ ലൂക്കാസിനൊപ്പം സമയം ചെലവഴിക്കുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലെത്തിയ പെൺകുട്ടിയിൽ എന്തോ ഒരു ആകർഷകത്വമുണ്ടെന്നു മെസി തിരിച്ചറിഞ്ഞു. മറ്റൊരു പെൺകുട്ടിയോടും തോന്നാത്ത ഒരിഷ്ടം അവളോടു തോന്നി.
എന്നാൽ, പൊതുവേ നാണക്കാരനായതിനാൽ മെസി ആദ്യമൊന്നും തന്റെ പ്രണയം അവളോടു തുറന്നു പറഞ്ഞില്ല. എങ്കിൽപ്പോലും ഇരുവർക്കും സൗഹൃദത്തിന് അപ്പുറമുള്ള എന്തോ ഒന്നു തങ്ങൾക്ക് ഇടയിലുണ്ടെന്ന ശക്തമായ ബോധ്യം ഉണ്ടായിരുന്നു.
അതുകൊണ്ടു തന്നെ ഇരുവരും പരസ്പരം കത്തെഴുതുന്നതിൽ മുടക്കം വരുത്തിയില്ല. കത്തുകളിലൂടെയാണ് ഇരുവരും പരസ്പരം കൂടുതൽ അറിഞ്ഞതും അടുത്തതും.
വെളിപ്പെടുത്തൽ
അങ്ങനെയിരിക്കെ മെസിയുടെ ഫുട്ബോൾ ഭാവിക്കു ബാഴ്സലോണയാണ് കൂടുതൽ ഉചിതമെന്നു പറഞ്ഞ് മെസിയുടെ അച്ഛൻ കുടുംബത്തെയും കൂട്ടി ബാഴ്സലോണയിലേക്കു പോയി. ഇതോടെ പരസ്പരം കാണാനുള്ള ഇടവേള കുറഞ്ഞെങ്കിലും കത്തെഴുത്തിൽ മുടക്കമുണ്ടായില്ല.
ഏറെ നാൾ തങ്ങളുടെ ബന്ധം രഹസ്യമാക്കി വച്ചിരുന്ന മെസിയും ആന്റൊനെല്ലയും 2009ൽ തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നു വെളിപ്പെടുത്തി.2010ൽ ഒരു സ്വകാര്യ ചടങ്ങിൽ ഇരുവരുടെയും വിവാഹം നിശ്ചയിച്ചു. 2012 ഏപ്രിലിൽ മെസി- ആന്റൊനെല്ല ദന്പതികളുടെ ആദ്യ കുഞ്ഞ് തിയാഗോ ജനിച്ചു. 2015 സെപ്റ്റംബറിൽ വീട്ടിലേക്കു രണ്ടാമത്തെ അതിഥി എത്തി, മാറ്റിയോ.
2017 ജൂൺ 30ന്, രണ്ട് കുഞ്ഞുങ്ങളുടെ ജനന ശേഷം, റോസാരിയോയിലെ ഒരു ആഡംബര ഹോട്ടലിൽ നടന്ന ചടങ്ങിൽ മെസി – ആന്റോനെല്ല ദന്പതികൾ ഔദ്യോഗികമായി വിവാഹിതരായി. 2018 മാർച്ചിൽ മൂന്നാമത്തെയാൾ സിറോ കൂടി ഈ കുടുംബത്തിലേക്ക് എത്തി.
ഗോസിപ്പിനു കുറവില്ല
ഇത്രയൊക്കെ സന്തോഷത്തിലാണ് മെസിയും ആന്റൊനെല്ലയും ജീവക്കുന്നതെങ്കിലും അവരെയും വെറുതെവിടാൻ ഗോസിപ്പുകാർക്കും പരദൂഷണക്കാർക്കും ഉദ്ദേശമില്ല.
മെസിയും ആന്റോനെല്ലയും നിയമപരമായി വിവാഹമോചിതരാകുകയാണെന്നും കുടുംബ പ്രശ്നങ്ങൾ മൂലമാണ് 2018ൽ നടന്ന വേൾഡ് കപ്പിൽ മെസിക്കൊപ്പം ആന്റോനെല്ല റഷ്യയിലേക്കു പോകാത്തതെന്നുമൊക്കെ ആരോപണങ്ങൾ ഉയർന്നു.
എന്നാൽ, കുട്ടികൾ വളരെ ചെറുതായതിനാലാണ് മെസിക്കൊപ്പം പോകാത്തതെന്നും അർജന്റീനയിലുള്ള സ്വന്തം വീട്ടിൽ കുറച്ചു ദിവസം നിൽക്കാനുള്ള അവസരം നഷ്ടപ്പെടുത്താൻ താത്പര്യമുണ്ടായിരുന്നില്ലെന്നും ആരോപണങ്ങൾക്കുള്ള മറുപടിയായി ആന്റോനെല്ല പറഞ്ഞു.
മെസിക്കൊപ്പം ബാഴ്സലോണയിലേക്ക് താമസം മാറിയതോടെ ആന്റോനെല്ല പതിയെ മോഡലിംഗിലേക്കും കാൽവയ്പ് നടത്തി.
പ്രണയവും കുടുംബകാര്യവുമൊക്കെ മെസിയുടെ ഫുട്ബോൾ കരിയറിനെ ലഘുവായിപ്പോലും ശല്യപ്പെടുത്താതിരിക്കാൻ ശ്രദ്ധിച്ചു എന്നതാണ് ഭാര്യ എന്ന നിലയിൽ ഈ പെൺകുട്ടി മെസിക്കു നൽകുന്ന ഏറ്റവും വലിയ പിന്തുണ.
(തുടരും)