ബാഴ്സലോണ: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ ഇനി ബാഴ്സലോണയുടെ ചുവപ്പും കടുംനീലയും കലർന്ന കുപ്പായത്തിൽ കാണാൻ കഴിയുമോ? കറ്റാലൻമാർക്കുവേണ്ടി ലോകം കീഴടക്കാൻ ഇനി മെസിയുണ്ടാവുമോ?
ഇന്നലെ അർധരാത്രി (ജൂൺ 30) മുതൽ ഫുട്ബോൾ ആരാധകർ ചോദിച്ചുതുടങ്ങിയിരിക്കുന്നു. അതെ, അർജന്റീന ലെജൻഡ് ഇന്നു മുതൽ ഫ്രീ ഏജന്റ്.
ലയണൽ ആൻഡ്രസ് മെസിയുമായുള്ള സ്പാനിഷ് വമ്പൻ ബാഴ്സയുടെ കരാർ ഇന്നലെ അർധരാത്രിയോടെ അവസാനിച്ചു. മെസിയെ ഇനി ആർക്കുവേണമെങ്കിലും സ്വന്തമാക്കാം.
മെസി, മാഞ്ചസ്റ്റർ സിറ്റിയിലേക്കു പോകുമെന്ന അഭ്യൂഹം ഇന്നലെ മുതൽ കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. പിഎസ്ജിയും സജീവമായി കളത്തിലുണ്ടെന്നാണ് കേട്ടുകേൾവി.
എന്നാൽ മെസിയുമായി കരാർ ഒപ്പിടാൻ കറ്റാലൻമാർ ശ്രമിച്ചുവരികയാണെന്ന വാർത്തകൾക്കാണ് കൂടുതൽ വിശ്വാസ്യത. വരും ദിവസങ്ങളിൽ തന്നെ മെസി ബാഴ്സലോണയുമായി കരാർ നീട്ടുമെന്നാണ് സൂചന. കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ കളിക്കാൻ അർജന്റീന ടീമിനൊപ്പം ഇപ്പോൾ ബ്രസീലിലുള്ള മെസി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
മെസിയുടെ ചിരകാലസുഹൃത്തായ മുൻ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ കൂടി അടുത്ത സീസണിൽ ബാഴ്സയിൽ കളിക്കാൻ കരാറൊപ്പിട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മെസി ബാഴ്സ വിടില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രതിവാരം ഏകദേശം ആറു കോടി രൂപയാണ് മെസിക്ക് ബാഴ്സ നൽകുന്ന പ്രതിഫലം.