ബുവാനസ് ഐറിസ്: സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് മികവിൽ ഖത്തർ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്കു മിന്നും ജയം.
എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന ബൊളീവിയയെ തകർത്തു. അർജന്റീനയുടെ മൂന്നു ഗോളുകളും നേടിയ ക്യാപ്റ്റൻ മെസി ഫുട്ബോൾ ഇതിഹാസം പെലെയുടെ റിക്കാർഡും മറികടന്നു.
ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ താരം എന്ന റിക്കാർഡാണ് മെസി സ്വന്തം പേരിലാക്കിയത്. പെലെ രാജ്യത്തിനായി 77 ഗോൾ നേടിയപ്പോൾ മെസിയുടെ അക്കൗണ്ടിൽ 80 ഗോളുകളായി. 153 മത്സരങ്ങളിൽനിന്നാണ് മെസി നേട്ടം സ്വന്തമാക്കിയത്.
ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകളുടെ ലോകറിക്കാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്. റോണോ ഇതുവരെ 180 മത്സരങ്ങളിൽനിന്നായി 111 ഗോളുകളാണ് നേടിയിരിക്കുന്നത്.
മത്സരത്തിന്റെ 14 ാം മനിറ്റിൽ തന്നെ എണ്ണംപറഞ്ഞൊരു ഗോളിൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ബോക്സിനു വെളിയിൽനിന്നും മനോഹരമായ ഇടംകാലൻ ഷോട്ട് വലയിൽ താഴ്ന്നിറങ്ങി.
രണ്ടാം പകുതിയിൽ (64) പന്തുമായി ബോക്സിനുള്ളിലേക്ക് കടന്ന മെസി വളഞ്ഞുപിടിച്ച പ്രതിരോധനിരക്കാരെ വെട്ടിച്ച് പന്ത് വലയിലാക്കി. കളിയുടെ അവസാന നിമിഷം (88) റൗബൗണ്ട് ഗോളിലേക്ക് തട്ടിയിട്ട് ഇതിഹാസം ഹാട്രികും തികച്ചു.