മാഡ്രിഡ്: എല്‍ ക്ലാസിക്കോയിലെ റയല്‍ – ബാഴ്സ വൈരം ലോക ക്ലാസിക്കാണ്. അതിനപ്പുറത്തേക്ക് ഏതെങ്കിലും രണ്ടു ടീമുകള്‍ തമ്മിലുള്ള എതിര്‍പ്പ് ചൂണ്ടിക്കാണിക്കാനാവില്ല. ന്യൂകാമ്പിലെത്തുന്ന റയല്‍ മാഡ്രിഡ് താരങ്ങളെ ഒരിക്കലും അഭിനന്ദിക്കാത്തവരാണ് കറ്റാലന്‍ ആരാധകര്‍. അതുപോലെ സാന്റിയാഗോ ബെര്ണാബുവിലെത്തുന്ന ബാഴ്സ താരങ്ങളെ റയല്‍ ആരാധകരും അഭിനന്ദിക്കാറില്ല.
സാന്റിയാഗോ ബെര്‍ണാബുവില്‍ കൈയടി നേടുക എന്നത് ബാഴ്സയ്ക്കു വേണ്ടി കളിക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ കൂടിയാവില്ല. അത്തരത്തില്‍ സാന്റിയാഗോ ബെര്‍ണാബുവില്‍ കൈയടി ലഭിച്ചിട്ടുള്ള മൂന്നേ മൂന്നു താരങ്ങളേ ചരിത്രത്തിലൂള്ളൂ. അതില്‍ ആദ്യത്തെ പേരുകാരന് സാക്ഷാല്‍ ഡിയേഗോ മാറഡോണയെന്ന് അര്‍ജന്റൈന്‍ ഇതിഹാസമാണ്. 1983ലായിരുന്നു ഇത്. അതിനു ശേഷം റയല്‍ മാഡ്രിഡ് ആരാധകര്‍ ഒന്നടങ്കം കൈയടിച്ചു പ്രോത്സാഹിപ്പിച്ച മറ്റൊരു താരമുണ്ടായി. അത് ബ്രസീലിയന്‍ ഫുട്ബോളിലെ കാല്പനിക നായകന് റൊണാള്ഡീഞ്ഞോയ്ക്കാണ്.
2005ലെ എല്‍ ക്ലാസിക്കോയില്‍ റയലിനെ പരാജയപ്പെടുത്തിയ റൊണാള്‍ഡീഞ്ഞോയുടെ ഒറ്റയാന് പ്രകടനത്തിനാണ് അവര്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചത്. 2005ലെ ഈ മത്സരമായിരുന്നു ഇന്നലത്തെ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയുടെ ബാഴ്സലോണയ്ക്കു വേണ്ടിയുള്ള ആദ്യ മത്സരം എന്നത് കൗതുകം ജനിപ്പിക്കുന്നു.
പിന്നീട് റയല്‍ സ്റ്റേഡിയത്തില്‍ കൈയടി ലഭിക്കാനുള്ള ഭാഗ്യം ലഭിച്ചത് സ്പാനിഷ് താരം ആന്ദ്രെ ഇനിയസ്റ്റയ്ക്കാണ്.കഴിഞ്ഞ സീസണില്‍ ബാഴ്സ 4-0ന് ജയിച്ചപ്പോഴായിരുന്നു ഇത്. എന്നാല്‍, ബാഴ്സയ്ക്കായി 500 ഗോള്‍ തികച്ച മെസിക്കു മാത്രമെന്തേ ഒരു കൈയടി സാന്റിയാഗോ ബെര്‍ണാബു നല്‍കുന്നില്ല. മാറഡോണയ്ക്കു ലഭിച്ചെങ്കില്‍ മെസിക്കും അതിനര്ഹതയില്ലേ?
ഈ പരാജയം അവരെ അത്രത്തോളം അലട്ടുന്നും വേദനിപ്പിക്കുന്നുമുണ്ടെന്നര്ഥം. വിജയഗോള്‍ നേടിയശേഷം തന്റെ ടീ ഷര്‍ട്ട് ഉയര്‍ത്തി ഗാലറിയിലേക്കു കാണിച്ച് മെസിക്ക് ഒരു പുഞ്ചിരിപോലും ആരാധകര്‍ കൊടുത്തില്ലത്രേ. മെസി അവരെ പലപ്പോഴും അത്രയേറെ വേദനിപ്പിച്ചതിലുള്ള നിരാശയാകാം ഇതിനു കാരണം.
സമീപകാലത്ത് മാഡ്രിഡ് ഫാന്‍സ് മെസിയെ പലവട്ടം ആക്ഷേപിച്ചിട്ടുണ്ട്. ആ പ്രതിഭയെ അംഗീകരിക്കാന്‍ മടിച്ച് മെസി നോർമലല്ല എന്നു പോലും പരാമര്‍ശം നടത്തി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ന്യൂ കാമ്പില്‍ ചെല്ലുമ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ബാഴ്സയുടെയും റയലിന്റെയും വൈരം തുടരുകയാണ്, അനുസ്യൂതം. ഈ കളിയുടെ സൗന്ദര്യവും ആകാംക്ഷയും ഈ വൈരം തന്നെയാണ്.