ബാഴ്സലോണ: അഭ്യൂഹങ്ങൾക്ക് വിരാമമായി, സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിൽ തന്നെ തുടരും. ക്ലബുമായുള്ള കരാർ 2021 വരെ ദീർഘിപ്പിക്കാൻ തീരുമാനമായി. 13 ാം വയസിൽ ബാഴ്സയുടെ കുപ്പായമണിഞ്ഞ് കാൽപ്പന്തിന്റെ ആരവങ്ങളിലേക്ക് കാലൂന്നിയ അർജന്റീന താരം 30 ാം വയസിൽ ക്ലബ് വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇതിനെയെല്ലാം ഡ്രിബിൾ ചെയ്ത് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഉടൻതന്നെ മെസി കരാറിൽ ഒപ്പുവയ്ക്കുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു.
ഫുട്ബോൾ ചരിത്രത്തിലെ മികച്ച കളിക്കാരിലൊരാളാണ് മെസി. അദ്ദേഹവുമായുള്ള കരാർ ദീർഘിപ്പിക്കാനായതിൽ വളരെ സന്തോഷമുണ്ടെന്ന് ക്ലബ് അറിയിച്ചു. 300 മില്യൺ യൂറോയുടെ കരാറാണ് താരവുമായി ക്ലബ് നടത്തിയതെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെസി ഇതുവരെ ബാഴ്സയ്ക്കായി 583 മത്സരങ്ങളിൽനിന്ന് 507 ഗോളുകളാണ് അടിച്ചുകൂട്ടിയത്.