ബാഴ്സലോണ: കാറ്റലോണിയന്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ബാഴ്സലോണയെ ബാധിച്ചിട്ടില്ല. അവര്‍ വിജയം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ലാ ലിഗയില്‍ ബാഴ്സലോണ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തി.
പാകോ അല്‍കാസറിന്റെ ഇരട്ടഗോളുകളാണ് ബാഴ്സയ്ക്ക് ജയമൊരുക്കിയത്. 23, 65 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. സെവിയ്യയുടെ ആശ്വാസഗോള്‍ ഗുയിഡോ പിസാരോയുടെ വക 59-ാം മിനിറ്റിലും. ഇതോടെ ബാഴ്സ ലാ ലിഗയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കളിച്ച 11 മത്സരങ്ങളില്‍ പത്തിലും വിജയിച്ചാണ് ബാഴ്സ ഒന്നാം സ്ഥാനത്ത് കസേര വലിച്ചിട്ടിരിക്കുന്നത്. ഒരു മത്സരം സമനിലയിലായി. 11 മത്സരങ്ങളില്‍നിന്ന് 31 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള വലന്‍സിയയ്ക്ക് 11 മത്സരങ്ങളില്‍നിന്ന് 27 പോയിന്റുണ്ട്.
ആദ്യ പകുതിയില്‍ അല്‍കാസറിന്റെ ഗോളില്‍ മുന്നിലെത്തിയ ബാഴ്സയെ രണ്ടാം പകുതിയില്‍ സെവിയ്യ ഒപ്പം പിടിച്ചു. എന്നാല്‍ അല്‍കാസര്‍ വീണ്ടും രക്ഷയ്ക്കെത്തിയതോടെ ബാഴ്സ വിജയതീരത്തെത്തുകയായിരുന്നു. ഇതോടെ ബാഴ്സയ്ക്ക് അക്കൗണ്ടില്‍ മൂന്ന് പോയിന്റു കൂടി ചേര്‍ക്കാനായി.
സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണയ്ക്കായി ഇറങ്ങുന്ന 600-ാം മത്സരമായിരുന്നു ഇത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് മെസി. സാവി ഹെര്‍ണാണ്ടസ് ((767), ആന്ദ്ര ഇനിയെസ്റ്റ (642) എന്നിവരാണു മെസിക്കു മുന്നിലുള്ളത്. മുന്‍ നായകന് കാര്‍ലോസ് പ്യുയോള്‍ 593 മത്സരങ്ങളിലും മിഗ്വെലി 549 മത്സരങ്ങളിലും ബാഴ്സയ്ക്കായി ബൂട്ട് കെട്ടി.
2004ലാണ് മെസി ബാഴ്സയ്ക്കു വേണ്ടി ആദ്യമത്സരത്തിനിറങ്ങിയത്. എസ്പാനിയോളിനെതിരേ പകരക്കാരനായാണ് മെസി ഇറങ്ങിയത്. 600 മത്സരങ്ങളില്‍നിന്ന് 523 ഗോളുകള്‍ നേടാനും മെസിക്കായി. 426 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ പരാജയം കേവലം 69 മത്സരങ്ങളിലാണ്. ബാഴ്സയ്ക്കായി എട്ടു ലാലിഗ കിരീടങ്ങളുള്‍പ്പെടെ 30 കിരീടങ്ങള്‍ നേടാനും മെസിക്കായി.
ഇക്കാലയളവില്‍ അഞ്ചു വട്ടം ബാലണ്‍ ഡിയോര്‍ പുരസ്കാരം നേടിയ മെസി ഇപ്പോഴും ബാഴ്സയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി തുടരുന്നു. സെവിയ്യയ്ക്കെതിരായ മത്സരത്തില്‍ ഗാലറിയിലെത്തിയ ആരാധകര്‍ കാറ്റലോണിയയുടെ സ്വാതന്ത്ര്യം സ്പാനിഷ് സര്‍ക്കാര്‍ അംഗീകരിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി. ബാനറുകളും കട്ടൗട്ടുകളും ഉയര്‍ത്തിയ അവര്‍ ആക്രോശിച്ചുകൊണ്ടേയിരുന്നു.