ബാഴ്സലോണ: ലയണല്‍ മെസിയുടെ തിളക്കത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മങ്ങിപ്പോയി. ബാഴ്സലോണയുടെ ന്യൂകാമ്പില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ രണ്ടാംപാദ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത മൂന്നു ഗോളിനു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോറ്റു. അഗ്രഗേറ്റില്‍ ബാഴ്സലോണ 4-0ന്റെ ജയം നേടി. രണ്ടു ഗോള്‍ നേടിയ മെസിയുടെ മികവിനു പുറമെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ പിഴവുകളാണ് ബാഴ്സയ്ക്കു ജയമൊരുക്കിയത്.
16-ാം മിനിറ്റില്‍ 20 വാരയില്നിന്ന് മെസിയുടെ ഷോട്ട് ആതിഥേയരെ മുന്നിലെത്തിച്ചു. നാലു മിനിറ്റ് കഴിഞ്ഞ് അര്‍ജന്റൈന്‍ താരം ഒരിക്കല്‍ക്കൂടി യുണൈറ്റഡിന്റെ വലകുലുക്കി. ഇത്തവണ മെസിയുടെ ദുര്‍ബലമായ ഷോട്ട് ഡി ഗിയയുടെ ദേഹത്തിനടിയിലൂടെ വലയില്‍ കയറി. 61-ാം മിനിറ്റില്‍ ഫിലിപ്പെ കുടിഞ്ഞോയുടെ ലോംഗ് റേഞ്ചില്‍നിന്നുള്ള തകര്‍പ്പന്‍ ഷോട്ട് വലയില്‍ തറച്ചുകയറി.
മെസി ഗോൾ 01
2013 ഏപ്രിലിൽ പിഎസ്ജിക്കെതിരേ ഗോള്‍ നേടിയശേഷം ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസിയുടെ ഗോള്‍. 12 മത്സരങ്ങളില്‍ 50 ഷോട്ടുകളുതിര്‍ത്ത മെസി ഗോള്‍ നേടിയില്ല.
2014-15നുശേഷം ആദ്യമായാണ് ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലെത്തുന്നത്.ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം പുറത്തായ ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഏഴു തവണ ഈ ഘട്ടത്തില്‍ യുണൈറ്റഡ് പുറത്തായി.
രണ്ടുപാദ യൂറോപ്യന്‍ മത്സരത്തില്‍ അഗ്രഗേറ്റില്‍ യുണൈറ്റഡിന്റെ ഏറ്റവും വലിയ തോല്‍വി. ഇതിനു മുമ്പ് 1957-58 യൂറോപ്യന്‍ കപ്പ് സെമിയില്‍ എസി മിലാനോടേറ്റ 5-2ന്റെ തോല്‍വിയും 1991-92 കപ്പ് വിന്നേഴ്സ് കപ്പ് പ്രീക്വാര്ക്വാര്ട്ടറില് അത്ലറ്റിക്കോ മാഡ്രിഡിനോടേറ്റ 4-1ന്റെ തോല്‍വിയുമായിരുന്നു.
1999 ഒക്ടോബറിനുശേഷം ആദ്യമായാണ് യുണൈറ്റഡ് തുടര്‍ച്ചയായി നാലു എവേ മത്സരം തോല്‍ക്കുന്നത്.