ബാഴ്സലോണ: ലയണല്‍ മെസിയെ അവഞ്ചേഴ്സ് സിനിമാ പരമ്പരയിലെ അമാനുഷിക കഥാപാത്രമായ ഹള്‍ക്കിനോട് താരതമ്യപ്പെടുത്തുന്നതായിരിക്കും ശരിയാകുക. അമിതമായി അരിശം വരുമ്പോള്‍ അമാനുഷിക കരുത്തു നേടി എത്ര കരുത്തുറ്റ വസ്തുവും തവിടുപൊടിയാക്കാന്‍ ഹള്ക്കിനാകും.
അതുപോലെയായിരുന്നു മെസി ലിവര്‍പൂളിനെതിരേ പുറത്തെടുത്ത കളിയും. ലിവര്‍പൂളിന്റെ പ്രതിരോധത്തെ മെസി തവിടുപൊടിയാക്കിക്കളഞ്ഞു. ആദ്യപകുതിയില്‍ മെസിയെ അനാവശ്യമായി ഫൗള്‍ ചെയ്യേണ്ടായിരുന്നുവെന്ന് മത്സരശേഷം ലിവര്‍പൂള്‍ മധ്യനിരതാരം ജയിംസ് മില്നര്ക്കു തോന്നിയിരിക്കാം. മെസിയെ ഇടിച്ചു വീഴ്ത്തിയ മില്‍നര്‍ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കിയില്ല.
ഈ ഫൗള്‍ വരുത്തിയ വേദനയും ഒപ്പം ദേഷ്യവും മെസിയെ രണ്ടാം പകുതിയില്‍ ഫുട്ബോളിലെ ഹള്ക്കാക്കി മാറ്റി. രണ്ടാം പകുതിയില്‍ മെസിയുടെ ഇരട്ട ഗോളിന്റെ ബലത്തില്‍ ബാഴ്സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമി ഫൈനലില്‍ 3-0ന് ലിവര്‍പൂളിനെ തകര്‍ത്തു. ഇതുവരെ ബാഴ്സലോണയുടെ നൂകാമ്പില്‍ പരാജയമറിയാത്ത ലിവര്‍പൂള്‍ മെസിയുടെയും കൂട്ടരുടെയും മുന്നില്‍ തോറ്റു മടങ്ങി.
രണ്ടു ഗോളുമായി മെസി ബാഴ്സലോണയ്ക്കായി 600 ഗോള്‍ തികച്ചു. ലിവര്‍പൂളിന് ഇനി ഫൈനല്‍ മോഹങ്ങള്‍ കാണണമെങ്കില്‍ അടുത്ത ചൊവ്വാഴ്ച രാത്രി സ്വന്തം ആന്‍ഫീല്‍ഡില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ വന്‍ ജയം നേടണം. 2005 മേയ് 1ന് ആൽബസെറ്റിനെതിരായ ലാ ലിഗയിലാണ് ബാഴ്സലോണയുടെ സീനിയർ കുപ്പായത്തിൽ മെസിയുടെ ആദ്യ ഗോൾ. 600-ാമത്തെ ഗോളും മേയ് ഒന്നിനായിരുന്നു എന്ന പ്രത്യേകതയു മെസിക്കുണ്ട്.
മത്സരത്തിന്റെ തുടക്കം മുതലേ ആല്‍ബയുടെ നീക്കങ്ങള്‍ മുന്നേറ്റനിരയിലെ മെസിയിലേക്കും ലൂയിസ് സുവാരസിലേക്കും ഫിലിപ്പെ കുടിഞ്ഞോയിലേക്കുമെത്തിക്കൊണ്ടിരുന്നു. ഇങ്ങനെയൊരു നീക്കമാണ് ആദ്യ ഗോളിനു വഴിയൊരുക്കിയതും. ആക്രമണ പ്രത്യാക്രമണംകൊണ്ടും ഫൗളുകള്കൊണ്ടും നിറഞ്ഞ 20 മിനിറ്റിനുശേഷം ബാഴ്സലോണ ഗോള്‍ നേടി. മുന്‍ ലിവര്‍പൂള്‍ താരം സുവാരസ് ആയിരുന്നു സ്കോറര്‍.
കുടിഞ്ഞോ-ആല്‍ബ-സുവാരസ് ത്രയത്തിന്റെ നീക്കമാണ് ഗോളില്‍ കലാശിച്ചത്. 26-ാം മിനിറ്റില്‍ ബാഴ്സ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി കുടിഞ്ഞോയ്ക്കു ലഭിച്ച പന്ത് ആല്‍ബയ്ക്കു നല്കി. ആല്‍ബയുടെ ക്രോസിലേക്ക് സുവാരസ് രണ്ടു ലിവര്‍പൂള്‍ പ്രതിരോധക്കാര്‍ക്കിടയിലൂടെ ഓഫ് സൈഡ് കെണിയില്‍ പെടാതെ നിരങ്ങിയെത്തി വലകുലുക്കി.
ഇതിനുശേഷമാണ് മെസിയെ മില്‍നര്‍ ഇടിച്ചിട്ടത്. മഞ്ഞക്കാര്‍ഡ് നല്‍കാനുള്ള കാരണമുണ്ടായിട്ടും റഫറി അതിനു മുതിര്‍ന്നില്ല. ആദ്യപകുതി അവസാനിക്കും മുമ്പ് ഇരു ടീമും ഫൗളുകള്‍ വരുത്തിക്കൊണ്ടുമിരുന്നു. 75-ാം മിനിറ്റില്‍ ബാഴ്സ നായകന് മെസി ലീഡ് ഉയര്‍ത്തി. സെര്‍ജി റോബര്‍ട്ടോയുടെ നീക്കം സുവരാസിലേക്ക് പന്തെത്തിച്ചു. ഉറുഗ്വെന്‍ താരത്തിന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് നേരെ മെസിയിലേക്ക്. ആ പന്ത് നെഞ്ചിലെടുത്ത്് ഒന്നു കുതിച്ചശേഷം ഇടംകാല്‍കൊണ്ട് വലയിലാക്കി. രണ്ടാം പാദത്തില്‍ ബാഴ്സലോണയ്ക്ക്കൂടുതല് ആനുകൂല്യം നല്‍കിക്കൊണ്ട് 82-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മെസി ഗോള്‍ നേടി.
ബാഴ്സ കുപ്പായത്തില്‍ അര്‍ജന്റൈന്‍ താരത്തിന്റെ 600-ാമത്തെ ഗോളായിരുന്നു. പ്രതിരോധ മതിലിന് ഇടതുവശത്തുകൂടി മെസിയുടെ കിക്ക് വലയുടെ മുകള്‍ മൂലയില്‍ തറച്ചിറങ്ങി. അവസാന നിമിഷങ്ങളില്‍ നിര്‍ണായകമായ എവേ ഗോള്‍ നേടാന്‍ ലിവര്‍പൂളിന് അവസരം ലഭിച്ചതാണ്. മുഹമ്മദ് സലയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. സുവാരസിന്റെ ഗോളിനു മറുപടി നല്കാന് ആദ്യ പകുതിയുടെ അവസാനം സാദിയോ മാനെയ്ക്ക് സുവര്‍ണാവസരം ലഭിച്ചതാണ്. ഗോളി മാത്രം മുന്നില്‍നില്‍ക്കേ ലഭിച്ച അവസരം ക്രോസ്ബാറിനു മുകളിലൂടെ അടിച്ചുകളഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മില്‍നറും സലയും ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ബാഴ്സ ഗോള്‍കീപ്പർ മാര്‍ക് ആന്ദ്രെ ടെര് സ്റ്റെഗന്റെ മികവിനു മുന്നില്‍ വല കുലുങ്ങിയില്ല. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ ഏറ്റവും വലിയ തോല്‍വിയാണ്. ഈ തോല്‍വിയോടെ 2014 ഒക്ടോബറില്‍ റയല്‍ മാഡ്രിഡില്നിന്നേറ്റ 3-0ന്റെ തോല്വിക്കൊപ്പമെത്തി. ചാമ്പ്യന്‍സ് ലീഗില്‍ തോല്‍വി അറിയാതെയുള്ള ബാഴ്സലോണയുടെ 32-ാമത്തെ ഹോം മത്സരമായിരുന്നു. നൂകാമ്പില്‍ എഫ്സി ബാഴ്സലോണയ്ക്ക് 29 ജയവും മൂന്നു സമനിലയുമാണ്.