ബുവാനോസ് ആരീസ്: രാജ്യാന്തര ഫുട്ബോളിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ ഗോൾനേട്ടം 90ൽ എത്തി.
സൗഹൃദപോരാട്ടത്തിൽ അർജന്റീന 3-0ന് ജമൈക്കയെ കീഴടക്കിയതിൽ രണ്ട് ഗോൾ ലയണൽ മെസിയുടെ വകയായിരുന്നു.
അതും മൂന്ന് മിനിറ്റിനിടെ. 86-ാം മിനിറ്റിൽ മികച്ച ഫിനിഷിംഗിലൂടെ മെസി ജമൈക്കൻ വല കുലുക്കി. 89-ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്നായിരുന്നു രണ്ടാം ഗോൾ.
തന്ത്രപരമായി ലോ ആംഗിൾ കിക്കിലൂടെ പ്രതിരോധക്കാരുടെ ഇടയിലൂടെയായിരുന്നു മെസി രണ്ടാം ഗോൾ നേടിയത്. രാജ്യാന്തര ഫുട്ബോളിൽ മെസിയുടെ 100-ാം ജയമായിരുന്നു എന്നതും ശ്രദ്ധേയം.
ഇതോടെ രാജ്യാന്തര ഫുട്ബോളിൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോ (117), ഇറേനിയൻ മുൻ താരം അലി ദേയി (109) എന്നിവർക്കു പിന്നിൽ മൂന്നാം സ്ഥാനത്തും മെസി എത്തി.
164 മത്സരങ്ങളിൽനിന്നാണ് മെസിയുടെ 90 ഗോൾ. ജമൈക്കയ്ക്ക് എതിരേ 56-ാം മിനിറ്റിൽ ലൗതാരൊ മാർട്ടിനെസിന്റെ പകരക്കാരനായാണ് മെസി കളത്തിലെത്തിയത്.
ജൂലിയൻ ആൽവരേസിലൂടെ (13’) അർജന്റീന ആദ്യ പകുതിയിൽതന്നെ ലീഡ് നേടിയിരുന്നു.അർജന്റീന തോൽവിയില്ലാതെ 35 മത്സരങ്ങൾ പൂർത്തിയാക്കി. ഇറ്റലിയുടെ (37) റിക്കാർഡിലേക്ക് ലിയോണൽ സ്കലോനിയുടെ അർജന്റീന അടുക്കുകയാണ്.