സൂറിച്ച്: അര്‍ജന്റീനയുടെ നാലു ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍നിന്ന് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ വിലക്കിയ ലാറ്റിനമേരിക്കല്‍ ഫുട്ബോള്‍ അസോസിയേഷന്റെയും അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്റെയും നടപടി ഫിഫയുടെ അച്ചടക്ക സമിതി റദ്ദാക്കി. ഇതോടെ അര്‍ജന്റീന ഇനി കളിക്കുന്ന എല്ലാം ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും മെസിയുടെ സേവനം ലഭിക്കും.
ഉറുഗ്വെ, വെനിസ്വേല, പെറു എന്നീ രാജ്യങ്ങള്‍ക്കെതിരേയാണ് അര്‍ജന്റീനയ്ക്ക് ഇനി യോഗ്യതാ മത്സരങ്ങള്‍ കളിക്കേണ്ടത്.മാര്‍ച്ചില്‍ ചിലിക്കെതിരേ നടന്ന മത്സരത്തിലായിരുന്നു മെസിയുടെ തരംതാണ പ്രവര്‍ത്തി.
വീഡിയോ പരിശോധിച്ച ശേഷം അപ്പോള്‍ത്തന്നെ മെസിയെ നാലു ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍നിന്നു വിലക്കുകയായിരുന്നു. മത്സരത്തില്‍ അര്‍ജന്റീന 1-0നു ജയിക്കുകയായിരുന്നു. ഓഗസ്റ്റ് 31ന് ഉറുഗ്വെയ്ക്കെതിരേയാണ് അര്‍ജന്റീനയുടെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരം. വിലക്കിനെത്തുടര്‍ന്ന് ഒരു മത്സരത്തില്‍നിന്ന് മെസി മാറിനിന്നിരുന്നു.
ബൊളീവിയയ്ക്കെതിരായ ആ മത്സരത്തില്‍ അര്‍ജന്റീന 2-0നു തോറ്റു. സാധാരണഗതിയില്‍ ഇത്തരം സംഭവങ്ങളില്‍ ഒരു മത്സരത്തില്‍നിന്നു മാത്രമാണ് താരങ്ങളെ വിലക്കാറുള്ളത്. എന്നാല്‍, നിയമം കൂടുതല്‍ കര്‍ശനമാക്കണമെന്ന അഭിപ്രായത്തെത്തുടര്‍ന്ന് ചിലിയുടെ ഗാരി മെദല്‍ എന്ന താരത്തെ സമാനമായ സംഭവത്തില്‍ നാലു മത്സരങ്ങളില്നിന്ന്ു വിലക്കിയിരുന്നു.
തെളിവുകളുടെ അപര്യാപ്തതയാണ് മെസിക്കു ഗുണകരമായത്. മെസിയെ വിലക്കാന്‍ മതിയായ തെളിവില്ലെന്ന് ഫിഫ അച്ചടക്ക സമിതി വിലയിരുത്തി. 10000 സ്വിസ് ഫ്രാങ്ക് പിഴയും ഇനി മെസിക്കു നല്‍കേണ്ടതില്ല. മാച്ച് ഒഫീഷ്യല്‍സിനെ അപമാനിക്കുന്നതോ അസഭ്യം പറയുന്നതോ ഒരിക്കലും അംഗീകരിക്കാനാവില്ല എന്നതാണ് ഫിഫയുടെ നിയമം.
എന്നാല്‍, അത്തരത്തില്‍ മെസി അവരെ അപമാനിച്ചതായി കണ്ടെത്താനായിട്ടില്ല. മാത്രവുമല്ല, ആ സമയം ഒരു മഞ്ഞക്കാര്‍ഡ് പോലും പ്രധാന റഫറി കാണിച്ചിരുന്നില്ല – ഫിഫ ചൂണ്ടിക്കാട്ടി. എന്നാല്‍, വീഡിയോ റീപ്ലേകളില്‍ മെസിയുടെ മോശം പെരുമാറ്റം വ്യക്തമായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശനം തുലാസിലാണ്. ലാറ്റിനമേരിക്കന്‍ മേഖലയില്‍ പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തുമാത്രമാണ് അര്‍ജന്റീന. മെസിയുടെ അഭാവത്തില്‍ കരുത്തരായ ടീമുകള്‍ക്കെതിരേ എങ്ങനെ വിജയിക്കുമെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍, ഫിഫയുടെ തീരുമാനം വന്നതോടെ ആശങ്ക അവസാനിച്ചു.
നാലു മത്സരങ്ങള്‍ മാത്രമാണ് മേഖലയില്‍ അര്‍ജന്റീനയ്ക്കു ബാക്കിയുള്ളത്. അഞ്ചാം സ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ചാല്‍ ഏഷ്യ ഓഷ്യാനിയ മേഖലയില്‍നിന്നുള്ള ടീമുമായി പ്ലേ ഓഫ് കളിച്ചു ജയിച്ചാല്‍ മാത്രമേ ലോകകപ്പ് യോഗ്യത ഉറപ്പിക്കാനാകൂ. നിലവില്‍ അങ്ങനെ വന്നാല്‍ ന്യൂസിലന്‍ഡാവും അര്‍ജന്റീനയുടെ എതിരാളികള്‍.
അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍
ഓഗസ്റ്റ് 31 -ഉറുഗ്വെ (എവേ)
സെപ്റ്റംബര്‍ 5 -വെനസ്വേല (ഹോം)
ഒക്ടോബര്‍ 5 -പെറു (ഹോം)
ഒക്ടോബര്‍ 10 -ഇക്വഡോര്‍ (എവേ).