ആലപ്പുഴ: ഫുട്ബോൾ ഇതിഹാസം മെസിയോടുള്ള ആരാധന മൂത്ത കാൽപന്തു കളിക്കാരൻ തന്റെ വിവാഹം നടത്തിയത് മെസിയുടെ ജന്മദിനത്തിൽ. ഫുട്ബോൾ ഗ്രൗണ്ട് മാതൃക ഒരുക്കിയ വേദിയിലായിരുന്നു വിവാഹ സത്കാരം.
ആലപ്പുഴ തുന്പോളി സ്വദേശിയും ഫുട്ബോൾ താരവുമായ ഷീബുവും ജീനയുമാണ് മെസിയുടെ ജന്മദിനത്തിൽ കല്യാണം നടത്തിയത്. മെസി, നെയ്മർ, റൊണാൾഡോ ഇവരുടെയൊക്കെ ചിത്രങ്ങളെ സാക്ഷി നിർത്തിയാണ് വരൻ വധുവിന്റെ കഴുത്തിൽ മിന്നുചാർത്തിയത്.
വിജയനും ബൂട്ടിയയും സന്തോഷ് ജിംഗനും അടക്കമുള്ള ഇന്ത്യൻ താരങ്ങളുടെ ചിത്രങ്ങളും വേദിയിലുണ്ട്. ഗോൾ പോസ്റ്റ്, ഫുട്ബോൾ എന്നിവയുൾപ്പടെ നിരത്തി ഒരു സ്റ്റേഡിയത്തെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു സുഹൃത്തുക്കൾ മണ്ഡപം ഒരുക്കിയത്.
വരനും വധുവിനും ഫുട്ബോൾ നൽകിയായിരുന്നു വരവേൽപ്. മെസിയോടും അർജന്റീനയോടുമൊക്കയുള്ള ആരാധന മാത്രമാണ് ഇതിനു പിന്നിൽ. ക്ഷണക്കത്തിലും നിറയെ ഫുട്ബോൾ മയമാണ്. ദുബായിൽ ജോലി ചെയ്യുന്ന വരൻ അവിടെയും താരമാണ്.