അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മെസിയുടെ കുട്ടി ആരാധകന് താലിബാന്റെ വധ ഭീഷണി. എഴുവയസുകാരനായ മുർത്താസ അഹമ്മദിയാണ് മെസിയുടെ ആരാധകനായതിന്റെ പേരിൽ ജീവന് ഭീഷണി നേരിടുന്നത്. 2016ൽ, അർജന്റീന ദേശീയ ടീമിലെ മെസിയുടെ പത്താം നമ്പർ ജഴ്സി അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് മുർതാസയുടെ ജീവിതം മാറ്റിമറിച്ചത്.
ജഴ്സിയുടെ മാതൃകയിൽ പ്ലാസ്റ്റിക്ക് കാരിബാഗ് ഉപയോഗിച്ച് നിർമിച്ച കളിക്കുപ്പായമായിരുന്നു മുർതാസ ധരിച്ചത്. ഈ ഫോട്ടോ വൈറലായതോടെ മുർതാസ താരമായി. മെസി ഇത് ശ്രദ്ധിക്കുകയും തന്റെ കൈ ഒപ്പ് ചാർത്തിയ കുപ്പായം മുർതാസയ്ക്കു അയച്ചു നൽകുകയും ചെയ്തു. ഇതോടെയാണ് മുർതാസയ്ക്കും കുടുംബത്തിനും വധഭീഷണി എത്തിതുടങ്ങിയത്. ഒടുവിൽ കുടുംബം നാടുവിടാൻ നിർബന്ധിതരാകുകയും ചെയ്തു.
താലിബാനെ കൂടാതെ മറ്റ് ചില തീവ്രവാദി സംഘടനകളും മുർത്താസയെ ലക്ഷ്യം വച്ചിരുന്നു. മെസി മുർത്താസയ്ക്ക് വലിയ തുക നൽകിയിരിക്കുമെന്ന സംശയമാണ് ഇവരുടെ ഇടയിൽ വളർന്നു വന്നത്. കുട്ടിയുടെ ജീവന് ഭീഷണിയായതിനെ തുടർന്ന് ആദ്യം അഫ്ഗാനിസ്ഥനിലെ ബംയാനിലേക്ക് മുർത്താസയെയും അമ്മ ഷഫീഖയേയും അച്ഛൻ മാറ്റിയിരുന്നു. മുർത്താസയും അമ്മയും മാത്രമായിരുന്നു ഇവിടെ താമസം. എന്നാൽ ഈ സ്ഥലവും സുരക്ഷിതമല്ലാത്തതിനെ തുടർന്ന് കാബൂളിലെ അഭയാർഥി ക്യാംപിലാണ് മുർത്താസയും ഷഫീഖയും ഇപ്പോൾ കഴിയുന്നത്.
എന്നാൽ ഇവിടവും സുരക്ഷിതമല്ലെന്നാണ് ഷഫീഖയുടെ പേടി. മെസിയുമായുള്ള പരിചയത്തിന്റെ പേരിൽ തന്റെ മകനെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോകുമെന്നാണ് ഷഫീഖ പറയുന്നത്. അഭയാർഥി ക്യാം പിലെ മുറിയിൽ നിന്നു പുറത്തിറങ്ങാതെയാണ് മുർത്താസ ഇപ്പോൾ ഓരോ ദിവസം തള്ളി നീക്കുന്നത്. തീവ്രാവാദികൾ ഇവിടെയുമെത്താമെന്നും ഷഫീഖ ഭയപ്പെടുന്നു.
മുർത്താസയുടെ സുരക്ഷിതമായ ഭാവിയെ കരുതി അഫ്ഗാനിസ്ഥാൻ വിട്ട് മറ്റെവിടെയെങ്കിലും സുരക്ഷിതമായി മാറുവാൻ മെസിയുടെ സഹായം അഭ്യർഥിക്കുകയാണ് ഷഫീഖ ഇപ്പോൾ. അഭയാർഥി ക്യാംപിലെ തുണികൾ നിറഞ്ഞ മുറിക്കുള്ളിൽ മാത്രമാണ് മുർത്താസയ്ക്ക് ഫുട്ബോൾ കളിക്കുവാൻ സാധിക്കുന്നുള്ളുവെന്ന് ഷഫീഖ പറയുന്നു.
മെസി നൽകിയ ജഴ്സി ധരിക്കുന്നതു പോലും തന്റെ ജീവന് ഭീഷണിയാണെന്നും മെസിയെ പോലെ ലോകമറിയുന്ന ഫുട്ബോൾ കളിക്കാരനാകണമെന്നതാണ് തന്റെ ആഗ്രഹമെന്നും മുർത്താസ പറഞ്ഞു.