ബാഴ്സലോണ: നീണ്ട ഏഴു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഫുട്ബോൾ താരം ലയണൽ മെസിക്ക് തന്റെ പേര് ബ്രാൻഡ് നെയിം ആക്കാനുള്ള അധികാരം ലഭിച്ചു. യൂറോപ്യൻ യൂണിയന്റെ ജനറൽ കോർട്ടിന്റേതാണ് വിധി. ഇതോടെ മെസി എന്ന പേരിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ ബാഴ്സലോണയുടെ അർജന്റൈൻ താരത്തിനു സാധിക്കും. കായിക ഉത്പന്നങ്ങൾക്കാവും മെസി എന്ന ബ്രാൻഡ് ഉപയോഗിക്കുക.
സ്പാനിഷ് സൈക്ലിംഗ് ബ്രാൻഡ് ആയ മാസി ആണ് മെസി എന്ന പേര് ബ്രാൻഡ് ആക്കുന്നതിനെതിരേ നിലകൊണ്ടത്. ഇതേത്തുടർന്ന് 2011ലാണ് മെസി എന്ന പേര് ബ്രാൻഡ് ആക്കണമെന്ന അപേക്ഷ യൂറോപ്യൻ യൂണിയൻ ഓഫീസ് ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടിയിൽ (ഇയുഐപിഒ) പരാതി നല്കിയത്.
ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ (763 കോടി രൂപ) മെസി (1023 കോടി രൂപ) പിന്തള്ളിയെന്ന് ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് കോടതി വിധി.