ബുവേനോസ് ആരീസ്: ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഡിജെ ഫെർ പലാസിയൊയ്ക്ക് വധഭീഷണി.
ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനായി മെസി അർജന്റൈൻ ഡിജെ ആയ പലാസിയൊയെ ക്ഷണിച്ചിരുന്നു.
പലാസിയോയാണ് മെസിക്ക് കോവിഡ് രോഗം പടർത്തിയതെന്ന് ആരോപിച്ചാണ് താരത്തിന്റെ ആരാധകർ വധഭീഷണി മുഴക്കിയത്. പലാസിയോയാണ് തനിക്ക് വധഭീഷണി ഉള്ളതായി വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചത്.
ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനായാണ് മെസി കുടുംബ സമേതം സ്വന്തം നാടായ റൊസാരിയോയിൽ എത്തിയത്. കഴിഞ്ഞ ആഴ്ചയിൽ നിരവധി പാർട്ടികളിൽ മെസി പങ്കെടുത്തിരുന്നു. പലാസിയോയും നിരവധി പാർട്ടികളിൽ പങ്കെടുത്തു.
പലാസിയോ പങ്കെടുത്ത പാർട്ടികളിലെ മിക്കവർക്കും പിന്നീട് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതാണ് മെസിക്ക് രോഗം പിടിപ്പിച്ചത് ഡിജെ ആണെന്ന് കരുതാൻ കാരണം.കോവിഡ് പിടിപെട്ടതോടെ മെസിക്ക് ഫ്രാൻസിലേക്ക് മടങ്ങാനായില്ല.
പിഎസ്ജിയുടെ അർജന്റൈൻ താരങ്ങളായ മെസി, മൗരൊ ഇക്കാർഡ്, പരേഡെസ്, എയ്ഞ്ചൽ ഡി മരിയ എന്നിവർ ഡിസംബർ 23നാണ് പ്രത്യേക വിമാനത്തിൽ ഫ്രാൻസിൽനിന്ന് സ്വദേശത്തെത്തിയത്. ഫ്രാൻസിലേക്കു തിരികെയുള്ള ഫ്ളൈറ്റിൽ ഇക്കാർഡിയും ഇല്ലായിരുന്നെന്നും റിപ്പോർട്ടുണ്ട്.