ബാഴ്സലോണ: ലയണൽ മെസി ഇരട്ടഗോളുകളും അസിസ്റ്റുകളുമായി കളം നിറഞ്ഞ മത്സരത്തിൽ റയൽ വല്ലദോലിതിനെ പരാജയപ്പെടുത്തി ലാലിഗയിൽ ഒന്നാമതെത്തി. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് വല്ലദോലിതിനെ ബാഴ്സ പരാജയപ്പെടുത്തിയത്. ലെൻഗ്ലറ്റ് (2), വിദാൽ (29), മെസി (34,75), സുവാരസ് (77) എന്നിവരാണ് ഗോൾ നേടിയത്.
മെസിയുടെ ആദ്യഗോൾ 34 മിനിറ്റിൽ ഫ്രീകിക്കിലൂടെയായിരുന്നു. ഇതോടെ മെസി കരിയറിൽ നേരിട്ടുള്ള ഫ്രീകിക്കുകളിലൂടെ നേടുന്ന എണ്ണം 50 ആയി. 2016-17 സീസണിൽ 16 ഗോളുകളാണ് ഡയറക്ട് ഫ്രീകിക്കുകളിൽനിന്ന് മെസി നേടിയത്. യൂറോപ്പിലെ പ്രധാനപ്പെട്ട അഞ്ച് ലീഗുകളിൽ ഒരുസീസണിൽ ഫ്രീക്കിക്കുകളിൽ നിന്ന് 10 ലേറെ ഗോളുകൾ നേടിയ താരങ്ങളില്ല.
ബാഴ്സ ഡിഫൻഡർ ലെൻഗ്ലറ്റ് ആണ് ആദ്യ വെടിപൊട്ടിച്ചത്. എന്നാൽ കളിയുടെ 15 ാം മിനിറ്റിൽ ഒലിവസ് ആൽബയിലൂടെ വല്ലദോൽ സമനിലപിടിച്ചു. 29 ാം മിനിറ്റിൽ വിദാൽ ലീഡ് തിരിച്ചുപിടിച്ചു. മെസിയുടെ കിടിൽ പാസിൽനിന്നായിരുന്നു വിദാലിന്റെ ഗോൾ. പിന്നീട് മെസിയുടെ ഊഴമായിരുന്നു.
രണ്ടു തവണ വല്ലദോൽ വല മെസി കുലുക്കി. അവസാന ഗോളിനു സുവാരസിന് അസിസ്റ്റ് നൽകിയതും മെസിയായിരുന്നു. ബോക്സിനുള്ളിലേക്ക് തള്ളിക്കൊടുത്ത പന്ത് സുവാരസ് അനായാസം ഗോളാക്കി.