മാഡ്രിഡ്: കരിയറിലെ 700 ാം ഗോൾ പനേങ്ക കിക്കിലൂടെ പേരിൽകൂട്ടിയ വിശ്വവിഖ്യാത ലയണൽ മെസിക്കും ബാഴ്സലോണയുടെ സമനില ദുരന്തത്തെ ഒഴിവാക്കാനായില്ല. തുടർച്ചയായ രണ്ടാം സമനിലയോടെ ബാഴ്സ ലാ ലിഗ കിരീടപ്പോരാട്ടത്തിൽ ഏറെ പിന്നാക്കമിറങ്ങി.
കരുത്തരായ അത്ലറ്റികോ മാഡ്രിഡിനെതിരെ രണ്ടു തവണ മുന്നിലെത്തിയിട്ടും ബാഴ്സ സമനില വഴങ്ങുകയായിരുന്നു. കളിയുടെ 11 ാം മിനിറ്റിൽ ഡിയാഗോ കോസ്റ്റയുടെ ഓൺഗോളിലാണ് കറ്റാലൻമാർ മുന്നിലെത്തിയത്. കോർണർകിക്ക് രക്ഷിക്കാനുള്ള ശ്രമത്തിനിടെ കോസ്റ്റയുടെ കാലിൽ തട്ടി പന്ത് അത്ലറ്റികോ പോസ്റ്റിൽ കയറുകയായിരുന്നു.
ബാഴ്സയുടെ ലീഡന് എട്ട് മിനിറ്റ് ആയുസുമാത്രമേ ഉണ്ടായിരുന്നുള്ളു. “വീണു’കിട്ടിയ പെനാൽറ്റി അത്ലറ്റികോ ഗോളാക്കി. കോസ്റ്റയായിരുന്നു കിക്കെടുക്കാൻ എത്തിയത്. അദ്ദേഹത്തിന്റെ ഷോട്ട് ബാഴ്സ ഗോളി മാർക്ക്-ആൻഡ്രെ ടെർസ്റ്റെഗൻ തടുത്തിട്ടു.
എന്നാൽ ടെർസ്റ്റെഗൻ ലൈനിന് വെളിയിലായിരുന്നു എന്ന കാരണത്താൽ വീണ്ടും കിക്കെടുക്കാൻ അത്ലറ്റികോയെ റഫറി അനുവദിച്ചു. രണ്ടാം കിക്കെടുത്ത സോൾ അത്ലറ്റികോയെ സമനിലയിലാക്കി.
രണ്ടാം പകുതിയുടെ 50ാം മിനിറ്റിൽ മെസി ആരാധകർ കാത്തിരുന്ന നിമിഷമെത്തി. ബാഴ്സയ്ക്കു ലഭിച്ച പെനാൽറ്റി മെസി ഗോളാക്കി. പനേങ്ക കിക്കിലൂടെയാണ് അത്ലറ്റികോ ഗോളിയെ മെസി മറികടന്നത്. എന്നാൽ ഈ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. 62 ാം മിനിറ്റിൽ സോൾ വീണ്ടും പെനാൽറ്റിയിലൂടെ അത്ലറ്റികോയെ ഒപ്പമെത്തിച്ചു.
വീണ്ടും സമനില കുരുക്കിൽ അകപ്പെട്ട ബാഴ്സ തൊട്ടുമുന്നിലുള്ള റയലിനെക്കാൾ ഒരു പോയിന്റ് പിന്നിലാണ്. റയൽ ഒരു മത്സരം കുറച്ചാണ് കളിച്ചിരിക്കുന്നത്. അടുത്ത മത്സരത്തിൽ ജയിച്ചാൽ റയില് നാല് പോയിന്റ് ലീഡ് നേടാം.