ബാഴ്സലോണ: ഗോളടിക്കുന്നതുപോലെ സഹതാരങ്ങൾക്കായി ഗോളൊരുക്കുന്നതിലും തന്റെ മികവ് വീണ്ടും തെളിയിച്ച് ബാഴ്സലോണയുടെ അർജന്റൈൻ താരം ലയണൽ മെസി.
ഒരു സ്പാനിഷ് ലാ ലിഗ സീസണിൽ ഏറ്റവും അധികം ഗോളൊരുക്കിയതിന്റെ റിക്കാർഡ് മെസി സ്വന്തമാക്കി. വിയ്യാ റയലിനെതിരായ ബാഴ്സലോണയുടെ 4-1 ജയത്തിൽ രണ്ട് ഗോളൊരുക്കിയത് മെസിയായിരുന്നു.
ലൂയി സുവാരസ് (20), ആൻത്വാൻ ഗ്രീസ്മാൻ (45) എന്നിവരുടെ ഗോളിനാണ് മെസി വഴിയൊരുക്കിയത്. സീസണിൽ ഇതുവരെ 19 ഗോളിന് വഴിയൊരുക്കിയാണ് മെസി ലാ ലിഗയിൽ ഗോൾ അസിസ്റ്റിൽ സ്വന്തം റിക്കാർഡ് തിരുത്തിയത്.
45-ാം മിനിറ്റിൽ ഗ്രീസ്മാന്റെ ഗോളിനു വഴിയൊരുക്കിയത് മെസിയുടെ ക്ലാസ് വീണ്ടും തെളിയിച്ചു. ചാട്ടുളിപോലെ പെനൽറ്റി ബോക്സിലേക്ക് ഓടിക്കയറുന്നതിനിടെ വിയ്യാ റയൽ പ്രതിരോധത്തെ അന്പരപ്പിച്ച് മെസിയുടെ ബാക് ഹീൽ പാസിലൂടെ പന്ത് ഗ്രീസ്മാന് മറിച്ചു.
മനോഹരമായൊരു ചിപ് ഷോട്ടിലൂടെ ഗ്രീസ്മാൻ പന്ത് വലയിലാക്കി. സീസണിൽ 22 ഗോളുകളുമായി ടോപ് സ്കോറർ പദവിയിലാണ് മെസി. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന്റെ കരീം ബെൻസെമയ്ക്ക് 17 ഗോളാണുള്ളത്. വിയ്യാ റയലിനെതിരെ മെസി ഗോളടിച്ചെങ്കിലും വിഎആറിലൂടെ റഫറി ഓഫ് സൈഡ് വിധിച്ചു.
ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള (77) പോയിന്റ് വ്യത്യാസം ബാഴ്സ (73) നാലായി കുറച്ചു.