മോസ്കോ: ആരാധകർ താരങ്ങളുടെ നന്പറും അവരുടെ ഹെയർ കട്ടും അനുകരിക്കുന്നത് സർവസാധാരണം. എന്നാൽ, അതുക്കും മേലേയാണ് സെർബിയൻ ഹെയർ സ്റ്റൈലിസ്റ്റായ മരിയോ ഹ്വാല ആരാധകരുടെ തലമുടിയിൽ ചെയ്യുന്നത്.
റൊണാൾഡോ, മെസി, നെയ്മർ… ഇഷ്ടതാരം ആരുമാകട്ടെ ഹ്വാല അവരെ അതേപടി നിങ്ങളുടെ തലമുടിയിൽ കൊത്തിവച്ചുതരും, ഒരു ശിൽപി ചെയ്യുന്ന അതേ കലാമികവോടെ… താരങ്ങളുടെ മുഖചിത്രം അതേപടി തലമുടിയിൽ കൊത്തിവയ്ക്കുന്ന ഹെയർ സ്റ്റൈലിസ്റ്റിനെ എല്ലായിടത്തും കാണാൻ കഴിയില്ല. ആധുനിക കലയായ ഹെയർ ടാറ്റൂവിലൂടെ വ്യത്യസ്ഥനായിരിക്കുകയാണ് മുപ്പത്തിയഞ്ചുകാരനായ ഹ്വാല.
മെസി കട്ട് വന്നതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരും ഹ്വാലയുടെ ഷോപ്പിൽ എത്തിത്തുടങ്ങി. തലയിൽ ചിത്രം വരയ്ക്കേണ്ടതിന്റെ പത്തു ദിവസം മുന്‍പ് ഹ്വാലയുടെ അടുത്തു വന്നു കാര്യങ്ങൾ പറയണം. പത്താം ദിവസം സലൂണിലെത്തിയാൽ തലയിൽ ഇഷ്ട താരത്തിന്റെ ചിത്രവുമായി മടങ്ങാം.
150 യൂറോ (12,000 രൂപ) ആണ് ഇതിനായി ഹ്വാല വാങ്ങുന്നത്. ഒരു മുഖം ഇത്തരത്തിൽ തയാറാക്കാൻ ഏഴു മണിക്കൂർ വരെയെടുക്കുമെന്ന് ഹ്വാല പറയുന്നു.
ജോസ് കുമ്പിളുവേലില്‍