ഈ വർഷത്തെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്കാരം ഫുട്ബോൾ താരം ലയണൽ മെസിയും ഫോർമുല വണ്‍ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണും പങ്കിട്ടു.
ലോറസ് പുരസ്കാര ചരിത്രത്തിൽ ആദ്യമായാണ് മികച്ച താരത്തിനുള്ള പുരസ്കാരം രണ്ടു പേർക്കു ലഭിക്കുന്നത്. 2019ൽ ഹാമിൽട്ടൻ ഫോർമുല വണ്ണിൽ ആറാം വട്ടം ചാന്പ്യൻപട്ടം സ്വന്തമാക്കിയിരുന്നു.
ഫുട്ബോൾ ലോകത്തെ GOAT (ഗ്രേറ്റസ് ഓഫ് ഓൾ ടൈം) താനാണെന്ന് തെളിയിക്കുന്നതായിരുന്നു ലയണൽ മെസിയുടെ നേട്ടം. ഗോട്ട് ആകാനുള്ള പരസ്പര മത്സരത്തിലാണ് അർജന്റീനയുടെ ലയണൽ മെസിയും പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. ലോറസ് പുരസ്കാരം നേടുന്ന ആദ്യ ഫുട്ബോൾ താരമെന്ന നേട്ടമാണ് മെസി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.
ഫിഫ ദ ബെസ്റ്റ്, ബാലൻ ദി ഓർ, യൂറോപ്യൻ ഗോൾഡൻ ഷൂ, യുവേഫ ക്ലബ് ഫോർവേഡ് തുടങ്ങിയ പുരസ്കാരങ്ങൾക്ക് പിന്നാലെയാണ് മെസിക്ക് ലോറസ് ലഭിക്കുന്നത്.
പുരസ്കാര ചടങ്ങിൽ പങ്കെടുത്തില്ലെങ്കിലും വീഡിയോ കോണ്‍ഫറൻസിലൂടെ മെസി സംസാരിച്ചിരുന്നു. ടൈെഗർ വുഡ്സ് (ഗോൾഫ്), എയുലിദ് കിപ്ചോഗ് (മാരത്തണ്‍), റാഫേൽ നദാൽ (ടെന്നീസ്), മാർക് മാർക്കേസ് (മോട്ടോ ജിപി) എന്നിവരായിരുന്നു മറ്റു ഫൈനലിസ്റ്റുകൾ.
മികച്ച വനിതാ താരമായത് അമേരിക്കൻ ജിംനാസ്റ്റിക് പ്രതിഭയായ സിമോണ്‍ ബൈൽസ് ആണ്. തുടർച്ചയായ രണ്ടാം തവണയാണ് ബൈൽസ് പുരസ്കാരം സ്വന്തമാക്കുന്നത്. 2017ലും ബൈൽസിനായിരുന്നു പുരസ്കാരം.
മറ്റു പുരസ്കാരങ്ങൾ: മികച്ച ടീം: ദക്ഷിണാഫ്രിക്കൻ റഗ്ബി ടീം, ബ്രേക്ക് ത്രൂ ഓഫ് ദ ഇയർ: ഈഗൻ ബെർനൽ (സൈക്ലിംഗ്), മികച്ച തിരിച്ചുവരവ്: സോഫിയ ഫ്ലോർഷ് (കാർ റേസിംഗ്), പാരാ അത്ലറ്റ്: ഒക്സാന മാസ്റ്റേഴ്സ് (തുഴച്ചിൽ), ആക്ഷൻ സ്പോർട്സ് പേഴ്സണ്‍: ക്ലോ കിം (സ്നോബോർഡർ).