ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ വലതുകൈ മത്സരത്തിനിടെ ഒടിഞ്ഞു. ചുരുങ്ങിയത് മൂന്നാഴ്ചത്തെ വിശ്രമമെങ്കിലും വേണ്ടിവരുമെന്ന് ക്ലബ് സ്ഥിരീകരിച്ചു. ഇതോടെ എൽ ക്ലാസിക്കോ ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങളിൽ ബാഴ്സയ്ക്കൊപ്പം മെസി ഉണ്ടാകില്ലെന്ന് ഉറപ്പായി.
ലാ ലിഗയിൽ ശനിയാഴ്ച രാത്രി സെവിയ്യയ്ക്കെതിരായ മത്സരത്തിൽ എതിർതാരവുമായി കൂട്ടിയിടിച്ചു വീണാണ് മെസിയുടെ കൈക്ക് ഒടിവു സംഭവിച്ചത്. ഫ്രാങ്കോ വാസ്ക്വെസുമായി 16-ാം മിനിറ്റിലാണ് മെസി കൂട്ടിയിടിച്ചുവീണത്. വൈദ്യസഹായം തേടിയശേഷം മത്സരം തുടർന്ന മെസി വേദനയെത്തുടർന്ന് 26-ാം മിനിറ്റിൽ മൈതാനം വിട്ടു. പകരക്കാരനായി ഡെംബെലെ കളത്തിലെത്തി. ഫിലിപ്പെ കുടീഞ്ഞോയ്ക്ക് ഗോളിനവസരം ഒരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്ത് കളം വാണു നിൽക്കുന്പോഴാണ് മെസിക്ക് അപകടം സംഭവിച്ചത്.
ചുരുങ്ങിയത് അഞ്ചു മത്സരമെങ്കിലും മെസിക്കു നഷ്ടമാവും. ചാന്പ്യൻസ് ലീഗിൽ ചൊവ്വാഴ്ച ഇന്റർ മിലാനെതിരേയും ലാ ലിഗയിൽ ഞായറാഴ്ച റയൽ മാഡ്രിഡിനെതിരേയുമടക്കമുള്ള വന്പൻ മത്സരങ്ങളാണ് മെസിയില്ലാതെ ബാഴ്സയ്ക്ക് ഇറങ്ങേണ്ടിവരിക.
മത്സരത്തിൽ ജയിച്ചാൽ മാത്രമേ ലാലിഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാവൂ എന്ന അവസ്ഥയിലാണ് ബാഴ്സ സെവിയ്യയ്ക്കെതിരേ സ്വന്തം തട്ടകമായ ന്യൂകാന്പിൽ ഇറങ്ങിയത്. മെസി നൽകിയ ഉജ്വല തുടക്കം മുതലാക്കിയ ബാഴ്സലോണ മത്സരത്തിൽ 4-2നു ജയം സ്വന്തമാക്കി. കുടീഞ്ഞോ (രണ്ടാം മിനിറ്റ്), മെസി (12-ാം മിനിറ്റ്) എന്നിവർക്കു പുറമേ ലൂയിസ് സുവാരസ് (63- പെനൽറ്റി), ഇവാൻ റാക്കിറ്റിച്ച് (88-ാം മിനിറ്റ്) എന്നിവരും ബാഴ്സയ്ക്കായി ലക്ഷ്യം നേടി. ക്ലെമന്റ് ലെങ്ലെറ്റ് (79-ാം മിനിറ്റ്) ഒരു സെൽഫ് ഗോൾ വഴങ്ങിയപ്പോൾ ലൂയിസ് മുറിയലാണ് (90+1ാം മിനിറ്റ്) സെവിയ്യയുടെ രണ്ടാം ഗോൾ നേടി.
മറ്റു മത്സരങ്ങളിൽ വിയ്യാറയൽ 1-1ന് അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ കുടുക്കിയപ്പോൾ വലൻസിയയും ലെഗൻസും ഓരോ ഗോൾ വീതമടിച്ച് പോയിന്റ് പങ്കുവച്ചു. റയൽ മാഡ്രിഡിനെ 1-2ന് ലെവന്റെ കീഴടക്കിയിരുന്നു.
ഒന്പത് മത്സരങ്ങളിൽനിന്ന് 18 പോയിന്റുമായി ബഴ്സ ലീഗിന്റെ തലപ്പത്തെത്തി. അലാവസ് 17ഉം സെവിയ്യ 16ഉം പോയിന്റ് വീതവുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. അത്ലറ്റിക്കോ മാഡ്രിഡ് (16 പോയിന്റ്), റയൽ മാഡ്രിഡ് (14 പോയിന്റ്) എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.