ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ സൂപ്പർ ക്ലബ്ബായ ബാഴ്സലോണയുടെ മുൻ പ്രസിഡന്റ് ജോസപ് മരിയൊ ബർത്തോമ്യു അറസ്റ്റിൽ.
അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയടക്കമുള്ള സീനിയർ താരങ്ങൾക്കും ക്ലബ്ബിനുമെതിരേ നടത്തിയ കാന്പയിനിംഗായ ബാഴ്സഗേറ്റിന്റെ പേരിലാണു ബർത്തോമ്യു അറസ്റ്റിലായത്.
ബർത്തോമ്യുവിന്റെ ഉപദേശകൻ ഹൗമി മാസ്ഫെറർ, ക്ലബ് സിഇഒ ഓസ്കർ ഗ്രൗ, ലീഗൽ സർവീസ് തലവൻ റൊമാൻ ഗോമസ് പോന്റി തുടങ്ങിയവരും അറസ്റ്റിലായിട്ടുണ്ട്.
ബാഴ്സലോണ ക്ലബ്ബിന്റെ ആസ്ഥാനത്തും ഓഫീസുകളിലും നടത്തിയ റെയ്ഡിനൊടുവിലായിരുന്നു സ്പാനിഷ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് എത്രപേർ അറസ്റ്റിലായിട്ടുണ്ടെന്നും എല്ലാവരുടെയും പേരുകൾ വെളിപ്പെടുത്താനും സാധിക്കില്ലെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബാഴ്സഗേറ്റ് സംബന്ധിച്ച തെളിവെടുപ്പിനാണു കാന്പ് നൗവിൽ എത്തിയതെന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു ബർത്തോമ്യുവിനെ അടക്കം അറസ്റ്റ് ചെയ്തതെന്നും സ്പാനിഷ് പോലീസ് വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ വർഷാരംഭത്തിലാണു ബാഴ്സഗേറ്റ് വിവാദം കൊടുന്പിരികൊണ്ടത്. ലയണൽ മെസിയെ പുകച്ചു പുറത്തുചാടിക്കുകയായിരുന്നു ബാഴ്സഗേറ്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ബർത്തോമ്യുവിനെതിരേ മെസി മാധ്യമങ്ങളിലൂടെ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. മെസി ക്ലബ് വിടാനൊരുങ്ങിയെങ്കിലും കരാർ കാലാവധി ഈ സീസണ്കൂടി ഉണ്ടായിരുന്നതിനാൽ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചു.
ക്ലബ്ബിൽ തുടരുമെന്നു പ്രഖ്യാപിച്ച അഭിമുഖത്തിൽ ബർത്തോമ്യുവിനെ ദുരന്തം എന്നായിരുന്നു മെസി വിശേഷിപ്പിച്ചത്. വിവാദങ്ങൾക്കൊടുവിൽ 2020 ഒക്ടോബർ 27ന് ബാഴ്സലോണ പ്രസിഡന്റ് സ്ഥാനം ബർത്തോമ്യു രാജിവച്ചു.
പ്രസിഡന്റിനൊപ്പം ബോർഡ് അംഗങ്ങളും സ്ഥാനമൊഴിഞ്ഞിരുന്നു. ലയണൽ മെസിയുമായുള്ള അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നതും ക്ലബ്ബിനു കളിക്കളത്തിലും പുറത്തുമേറ്റ തിരിച്ചടികളാണ് ബർത്തോമ്യുവിന്റെ രാജിക്കു കാരണം.
ബർത്തോമ്യുവുമായുള്ള ഭിന്നതയെത്തുടർന്ന് മെസി ക്ലബ് വിടാൻ ശ്രമിച്ചതാണ് അദ്ദേഹത്തിന്റെ രാജിയിലേക്കു നയിച്ച സുപ്രധാന കാരണം.
മെസിയെക്കൂടാതെ അദ്ദേഹത്തിന്റെ ഭാര്യക്കെതിരേയും മറ്റൊരു താരമായ ജെറാർഡ് പിക്വെ, മുൻ ബാഴ്സ താരങ്ങൾ എന്നിവർക്കുമെതിരേ ബർത്തോമ്യു വിവാദപരാമർശങ്ങൾ നടത്തിയിരുന്നു.
ബർത്തോമ്യു നടത്തിയ നിരവധി സാന്പത്തിക ക്രമക്കേടും സ്പാനിഷ് പോലീസ് കണ്ടെത്തിയതായാണു റിപ്പോർട്ട്.
ബാഴ്സയുടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേയാണ് ബർത്തോമ്യുവിന്റെ അറസ്റ്റ്. 842 കോടി രൂപയായിരുന്നു കഴിഞ്ഞ സീസണിൽ ക്ലബ്ബിന്റെ നഷ്ടം.
മെസി തുടരുമോ?
വിവാദങ്ങൾ കലങ്ങിത്തെളിയുന്നതോടെ ലയണൽ മെസി ബാഴ്സലോണയിൽ തുടരുമോ എന്ന ചോദ്യവും ഉയരുന്നു. ഈ സീസണ് അവസാനിക്കുന്നതോടെ മെസി ക്ലബ് വിടുമെന്നാണ് റിപ്പോർട്ട്.
ബാഴ്സഗേറ്റിന്റെ പേരിൽ ബർത്തോമ്യു അറസ്റ്റിലായതോടെ മെസി ക്ലബ്ബിൽ തുടരണമെന്ന ആവശ്യവും ശക്തമായി. പരിശീലകനായി മുൻ താരം സാവി എത്തുകയാണെങ്കിൽ മെസിയെ നിലനിർത്താൻ കഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്.
ബാഴ്സഗേറ്റ് വിവാദം
തനിക്കെതിരേയും ക്ലബ്ബിനെതിരേയും വിമർശനമുന്നയിക്കുന്നർക്കെതിരേ പ്രചാരണം നടത്തുന്നതിനു സമൂഹമാധ്യമ കാന്പയിനിംഗ് കന്പനിയായ ഐ3യെ ഉപയോഗിച്ചെന്നതാണു ബാഴ്സഗേറ്റ് വിവാദം. 2020 ഫെബ്രുവരിയിൽ ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്.
ലയണൽ മെസി അടക്കമുള്ള മുൻനിര താരങ്ങൾ, മുൻ താരങ്ങൾ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ തുടങ്ങിയവരെ ഐ3 കന്പനി വേട്ടയാടി. ഐ3 കന്പനി കൈകാര്യം ചെയ്ത സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നു വേട്ടയാടൽ.
മെസി, പിക്വെ, മുൻ ക്യാപ്റ്റൻ സാവി ഹെർണാണ്ടസ്, മുൻ പരിശീലകൻ പെപ് ഗ്വാർഡിയോള, പ്രസിഡന്റ് സ്ഥാനാർഥികളായ വിക്ടർ ഫോണ്ട്, അഗസ്റ്റി ബെനെഡിറ്റൊ എന്നിവർക്കെതിരായ ഫേസ്ബുക്ക് ആക്രമണങ്ങൾ ഐ3 ആയിരുന്നു നടത്തിയത്.
മെസിയടക്കമുള്ളവർ ഇക്കാര്യം പൊതുസമൂഹത്തിനു മുന്നിൽ ചൂണ്ടിക്കാണിച്ചെങ്കിലും ഒരു അറിവും ഇല്ലെന്നായിരുന്നു ക്ലബ്ബിന്റെ നിലപാട്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന ഏജൻസി അന്വേഷണം നടത്തിയശേഷം ഐ3ക്ക് ബാഴ്സ പണം നൽകിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
ഐ3യും ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ, ഐ3യുമായുള്ള ബന്ധത്തിന്റെ പേരിൽ ബർത്തോമ്യുവിന്റെ ഉപദേശകനായ ഹൗമി മാസ്ഫെററിനെ സസ്പെൻഡ് ചെയ്തു.
എന്നാൽ, വിവാദങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂണിൽ ബാഴ്സ ആസ്ഥാനമായ കാന്പ് നൗവിൽ പോലീസ് ആദ്യ റെയ്ഡ് നടത്തി.