തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ എത്തുന്നുവെന്ന വാർത്തയിൽ ആവേശം പ്രകടിപ്പിച്ച് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ.
മെസി ഉൾപ്പെടുന്ന അർജന്റീന ടീം കേരളത്തിൽ വരുന്നുവെന്ന് പറയുമ്പോ അത് കേരളീയർക്ക് ആവേശമാണ് നല്കുന്നതെന്നും മെസിയെ അടുത്ത് നിന്ന് കാണാൻ കഴിഞ്ഞാൽ ഭാഗ്യമാണെന്നും അതിനപ്പുറം ഒന്നും ആഗ്രഹിക്കുന്നില്ലെന്നും പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു.
മെസി ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കളിക്കാരൻ തന്നെയാണ്. മെസിയും സംഘവും കേരളത്തിൽ എത്തുമ്പോൾ അത് കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
മെസി ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ്, അദ്ദേഹത്തെ മറികടക്കാൻ ഇതുവരെ ആരും വന്നിട്ടില്ല. ഏത് സമയത്തും ഏത് ടീമിനും മെസി എന്ന കളിക്കാരൻ കൂടെയുണ്ടായാൽ അതൊരു ആത്മവിശ്വാസമാണ്. അതുതന്നെയാണ് ഒരു കളിക്കാരന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും പന്ന്യൻ രവീന്ദ്രൻ പറയുന്നു.
മെസിയുടെ ഓരോ കിക്കും അദ്ദേഹത്തിന്റെ ഓരോ ഷോട്ടും നമ്മുടെയൊക്കെ മനസുകളിൽ എന്നും ഉണ്ടാകും. അത്ര കണിശതയോടുകൂടി ഓരോ കിക്കും ചെയ്യുന്ന ഒരു കളിക്കാരൻ ലോകചരിത്രത്തിൽ ഇല്ല. അർജന്റീനിയൻ ടീമിന് അദ്ദേഹം ഒരിക്കലും മറക്കാൻ കഴിയാത്ത കളിക്കാരനാണെന്നും പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു.