മുംബൈ: മലയാളി ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന പ്രഖ്യാപനമെത്തി. അർജന്റൈൻ ഇതിഹാസം ലയണൽ മെസി കൊച്ചിയിലേക്ക് എത്തുന്നു.
2022 ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്റൈൻ ടീം കൊച്ചിയിൽ സൗഹൃദ മത്സരം കളിക്കും എന്നതിൽ അന്തിമവാക്കെത്തി. ലയണൽ മെസി, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, ജൂലിയൻ ആൽവരസ്, എമിലിയാനോ മാർട്ടിനെസ് അടക്കമുള്ള സൂപ്പർ താരങ്ങൾ മലയാളികൾക്കു മുന്നിൽ പന്തുതട്ടുമെന്നാണ് വിവരം. ഈ വർഷം ഒക്ടോബറിൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റൈൻ ടീം, ഇന്ത്യയിൽ രാജ്യാന്തര സൗഹൃദ മത്സരം കളിക്കുമെന്ന സ്ഥിരീകരണമെത്തി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും മത്സരമെന്നാണ് സൂചന. അതേസമയം, വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെന്നതും ശ്രദ്ധേയം.
എഎഫ്എ, എച്ച്എസ്ബിസി പ്രഖ്യാപനം
ലയണൽ മെസിയുടെ അർജന്റീന ഇന്ത്യയിൽ പര്യടനം നടത്തുമെന്നു പ്രഖ്യാപിച്ചത് അർജന്റൈൻ ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) ബ്രിട്ടീഷ് യൂണിവേഴ്സൽ ബാങ്ക് ആൻഡ് ഫിനാൻഷൽ സർവീസ് ഗ്രൂപ്പായ എച്ച്എസ്ബിസിയുമാണ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ 2026 ലോകകപ്പിനു മുന്നോടിയായുള്ള വിദേശ ടൂറിന്റെ ഭാഗമായാണ് ആൽബിസെലെസ്റ്റെ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അർജന്റൈൻ ടീം ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിൽ ഫുട്ബോൾ വളർത്തുന്നതിന്റെ ഭാഗമായാണ് ലയണൽ മെസിയുടെയും സംഘത്തിന്റെയും സന്ദർശനം. ഇന്ത്യക്കൊപ്പം സിംഗപ്പൂരിലും അർജന്റൈൻ ടീമിന്റെ സൗഹൃദ മത്സരം എച്ച്എസ്ബിസി സ്പോണ്സർ ചെയ്യും.
“പാർട്ട്ണർഷിപ്പിന്റെ ഭാഗമായി, ഇതിഹാസ താരം ലയണൽ മെസി ഉൾപ്പെടെയുള്ള അർജന്റൈൻ ദേശീയ ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ ഇന്ത്യയിൽ സന്ദർശനം നടത്തും” – എച്ച്എസ്ബിസി ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. ‘ഇതു പുതിയ നാഴികക്കല്ലാണ്. 2025-26 സീസണിൽ അർജന്റൈൻ ടീമിന്റെ രാജ്യാന്തര പര്യടനത്തിൽ സിംഗപ്പൂരും ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ട്. 2026 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ അവസാന ഘട്ടത്തിനു മുന്‍പായി ഈ പര്യടനം നടക്കും” – എഎഫ്എ പ്രസിഡന്റ് ക്ലൗഡിയൊ ഫാബിയൻ ടാപിയ അറിയിച്ചു.
2011നുശേഷം ഇതാദ്യം
ലയണൽ മെസിയും അർജന്റൈൻ ടീമും നീണ്ട 14 വർഷത്തിനുശേഷമാണ് ഇന്ത്യയിൽ പന്തുതട്ടാൻ എത്തുന്നത്. 2011 സെപ്റ്റംബറിൽ മെസി ഇന്ത്യയിൽ എത്തിയിരുന്നു. കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ മെസി അർജന്റൈൻ ജഴ്സിയിൽ ഇറങ്ങി. കാണികൾ തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി അർജന്റീന 1-0ന്റെ ജയം സ്വന്തമാക്കി. 70-ാം മിനിറ്റിൽ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഗോളിലായിരുന്നു അർജന്റീനയുടെ ജയം.
കേരള കായിക മന്ത്രിയുടെ പ്രഖ്യാപനം
ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റൈൻ ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് 2024ൽ കേരള കായിക മന്ത്രി വി. അബ്ദുറഹിമാൻ ഒന്നിലധികം തവണ പ്രഖ്യാപിച്ചിരുന്നു. രണ്ടു സൗഹൃദ മത്സരങ്ങൾ കേരളത്തിൽ അർജന്റീന ടീം കളിക്കുമെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു. എന്നാൽ, ലോക ചാന്പ്യന്മാരും ഫിഫ ഒന്നാം നന്പറുമായ അർജന്റൈൻ ടീം വരുന്നതിന്റെ ഭാരിച്ച ചെലവ് വഹിക്കുന്നതു സംബന്ധിച്ചുള്ള കൃത്യമായ ചിത്രം വ്യക്തമല്ലായിരുന്നു. സ്പോണ്‍സർഷിപ്പിലൂടെ പണം കണ്ടെത്തുമെന്നായിരുന്നു അബ്ദുറഹിമാൻ അറിയിച്ചത്. എച്ച്എസ്ബിസിയുടെ സ്പോണ്‍സർഷിപ്പിലൂടെ ഇന്ത്യയിൽ കളിക്കാൻ അർജന്റീന ടീം എത്തുമെന്ന പ്രഖ്യാപനം കേരളക്കരയെ ആവേശത്തിലാക്കുന്നു.