പാരീസ്: മികച്ച ഫുട്ബോൾ താരത്തിനുള്ള 2019ലെ ബാലൻ ഡി ഓർ പുരസ്കാരം ബാഴ്സലോണയുടെ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക്. ഇത് ആറാം തവണയാണ് മെസിയെ തേടി ബാലൻ ഡി ഓർ പുരസ്കാരം എത്തുന്നത്.
ലിവർപൂളിന്റെ ഹോളണ്ട് താരം വിർജിൽ വാൻ ഡിക്കിനെ പിന്തള്ളിയാണ് ഇത്തവണ മെസി നേട്ടം കൈവരിച്ചത്. അഞ്ച് തവണ ബാലൻ ഡി ഓർ നേടിയ യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മെസിക്ക് പിന്നിലുള്ളത്. 2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ് മെസി ബാലൻ ഡി ഓർ സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ ബാഴ്സലോണയെ ലാ ലിഗ ചാമ്പ്യൻമാരാക്കുകയും 36 പോയിന്റുമായി മികച്ച സ്കോറർ ആകുകയും ചെയ്തതാണ് മെസിക്ക് നേട്ടമായത്. സെപ്റ്റംബറിൽനടന്ന ഫിഫ ദ ബെസ്റ്റ് പുരസ്കാരവും മെസിക്കായിരുന്നു.
വനിതാ വിഭാഗത്തിൽ അമേരിക്കയുടെ മേഗൻ റപിനോയ്ക്കാണ് ബാലൻ ഡി ഓർ. യുഎസിനെ ലോക കിരീടത്തിൽ ഒരിക്കൽക്കൂടി മുത്തമിടാൻ സഹായിച്ചതാണ് മേഗനു നേട്ടമായത്.