ബാഴ്സലോണയ്ക്കൊപ്പം പരിശീലനം തുടങ്ങിയ മെസി പതിനാറാം വയസിൽ ആദ്യ മത്സരത്തിനിറങ്ങി.
അരങ്ങേറ്റം വെറുതെയായില്ല. പോർട്ടോക്കെതിരേ കപ്പടിക്കുകയും ചെയ്തു. 2003ലെ ഈ വിജയത്തിനു ശേഷമുള്ള കാലത്തെ മെസിയുഗം എന്നു വേണമെങ്കിൽ വിളിക്കാം.
കാൽപ്പന്തിനൊപ്പം ഉരുണ്ട ഈ യാത്രയിൽ മെസി നേടിയതു നിരവധി അംഗീകാരങ്ങൾ.
ലാലിഗയിൽ ഇരുന്നൂറ് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ താരം, ആറ് ബാലൻഡി ഓർ അവാർഡ് ജേതാവ്, അഞ്ച് ഗോൾഡൻ ബൂട്ടി ജേതാവ് തുടങ്ങി നിരവധി റിക്കാർഡുകൾ താരത്തിനു സ്വന്തം.
നേരത്തെ നമ്മൾ പറഞ്ഞിരുന്നു ആദ്യ കരാർ മെസി ഒപ്പുവച്ചതു വെറും നാപ്കിൻ പേപ്പറിലാണെന്ന്. എന്നാൽ, ഇന്ന് ആ ഒപ്പിന് ശതകോടികളുടെ മൂല്യമുണ്ട്.
കഴിവും കഠിനാധ്വാനവും ഒത്തുചേർന്നപ്പോൾ മെസിയെ തേടിയെത്തിയത് അംഗീകാരങ്ങളും ബഹുമതികളും മാത്രമല്ല,
വിസ്മയിപ്പിക്കുന്ന നിരവധി സൗഭാഗ്യങ്ങൾ കൂടിയാണ്. അതിൽ ആരുടെയും മനംകവരുന്ന സൗധങ്ങൾ മുതൽ സ്വകാര്യ ജെറ്റ് വിമാനം വരെയുണ്ട്.
കൊട്ടാരമോ വീടോ?
കടലിന്റെ ഭംഗി ആസ്വദിച്ചുണരാനും സൂര്യാസ്തമയം കണ്ടു വൈകുന്നേരം ചെലവഴിക്കാനും കഴിയുന്നതാണ് മെസിയുടെ ബാഴ്സലോണയിലെ വീട്.
വീടെന്നോ കൊട്ടാരമെന്നോ വിളിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന സൗകര്യങ്ങളെല്ലാം ഈ 57 കോടി വിലമതിക്കുന്ന വീട്ടിലുണ്ട്.
കാസൽഡിഫൽസിലെ നഗരപ്രാന്ത പ്രദേശത്താണ് ആറു വട്ടം ബാലൻ ഡി ഓർ നേടിയ താരത്തിന്റെ സ്വർഗ തുല്യമായ വസതി.
ഈ വീട് സ്വന്തമാക്കുക മാത്രമല്ല, ജീവിതത്തിന്റെ സ്വകാര്യത ഉറപ്പാക്കാൻ അയൽവാസികളുടെ വീടും സ്ഥലവുമെല്ലാം ചോദിച്ച കാശിനു മെസി വാങ്ങി.
സ്വിമ്മിംഗ് പൂൾ, ഇൻഡോർ ജിം എന്നിങ്ങനെ സർവ സൗകര്യങ്ങളും ഇവിടെയുണ്ട്. എന്തിനധികം പറയുന്നു,
വീട്ടിൽ പരിശീലനത്തിനായി ഒരു ചെറിയ ഫുട്ബോൾ ഗ്രൗണ്ടും മെസി ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ മൂന്നു കുട്ടികൾക്കും കളിക്കാനായി ഒരു പ്ലേ ഗ്രൗണ്ടും വീട്ടിലുണ്ട്. തന്റെ ടീ ഷർട്ടുകൾ സൂക്ഷിക്കാനായി മാത്രം മെസി ഒരു വിശാലമായ മുറി മാറ്റിവച്ചിട്ടുണ്ട്.
സ്വകാര്യ ജെറ്റ്
തിരക്കിട്ട് എവിടെയെങ്കിലും പോകണമെങ്കിൽ ഫ്ളൈറ്റ് ടിക്കറ്റിനായി മെസിക്കു കാത്തിരിക്കേണ്ടി വരാറില്ല.
യാത്രയ്ക്കൊരുങ്ങുന്പോൾ തന്നെ നന്പർ 10 എന്നു പേരിട്ടിരിക്കുന്ന പ്രൈവറ്റ് ജെറ്റും പൈലറ്റും ജീവനക്കാരും ഒരുങ്ങിക്കഴിയും.
12 മില്യൺ പൗണ്ട് (ഏകദേശം 122 കോടിയിലേറെ) ആണ് ഈ പ്രൈവറ്റ് ജെറ്റിന്റെ വില. മെസിയുടെ കുടുംബത്തിനായി പ്രത്യേകം ഡിസൈൻ ചെയ്തിരിക്കുന്നതാണ് ഈ ജെറ്റ്.
അർജന്റീനയിൽനിന്നുള്ള കന്പനിയാണ് ഇതിനുള്ളിലെ അത്യാഡംബരമായ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത് .
ജെറ്റിന്റെ ഓരോ പടിയിലും മെസിയുടെ ഭാര്യ ആന്റോണെല്ല, മക്കളായ തിയാഗോ, സിറോ, മാറ്റിയോ എന്നിവരുടെ പേരുകൾ എഴുതിയിട്ടുണ്ട്.
പതിനാറു പേർക്ക് ഒരേ സമയം യാത്ര ചെയ്യാനുള്ള സൗകര്യം ഈ ജെറ്റിലുണ്ട്.
മീറ്റിംഗ് റൂം, ഡൈനിംഗ്, കിടപ്പുമുറി, ലിവിംഗ് റൂം തുടങ്ങിയവയെല്ലാം ഇതിനുള്ളിലുണ്ട്. ആവശ്യഘട്ടങ്ങളിൽ സീറ്റുകൾ മടക്കി കിടക്കയാക്കാനും സാധിക്കും.
മെസി വാടകയ്ക്കെടുത്തിരിക്കുന്നതാണ് ഈ ജെറ്റെങ്കിലും അദ്ദേഹം സ്വന്തം പോലെതന്നെ മനോഹരമായി കൊണ്ടുനടക്കുന്നു.
(തുടരും).