ഫുട്ബോൾ കളിയിലൂടെയും പരസ്യങ്ങളിലൂടെയും സന്പാദിക്കുന്ന പണം ഇഷ്ടംപോലെ ധൂർത്തടിച്ചു ജീവിക്കുന്നവരാണ് മെസിയും റൊണാൾഡോയും എന്നൊന്നും ധരിച്ചേക്കരുത്.
ആഡംബര ജീവിതത്തിനൊപ്പം ലഭിക്കുന്ന പണം പല മേഖലകളിൽ ഇൻവെസ്റ്റ് ചെയ്തു വീണ്ടും പണം കൊയ്യുന്നതിലും ഇരുവരും ഒട്ടും പിന്നിലല്ല.
വിനോദ സഞ്ചാരത്തിനു വലിയ സാധ്യതകളുള്ള ബാഴ്സലോണയിൽ ടൂറിസം മേഖലയിലും മെസി ഗോളടിച്ചിട്ടുണ്ട്.
തീരദേശ മേഖലയായ സിറ്റ്ഗസിൽ ഫുട്ബോൾ ഇതിഹാസത്തിന്റെ ഫോർ സ്റ്റാർ ഹോട്ടൽ സ്ഥിതി ചെയ്യുന്നു. എംഐഎം എന്നു പേരിട്ടിരിക്കുന്ന ഹോട്ടൽ മെസി സ്വന്തമാക്കിയത് 26 മില്ല്യൺ ഡോളറിനാണ് (ഏകദേശം 200 കോടി രൂപ).
കടലിൽനിന്ന് നൂറു മീറ്റർ മാത്രം ദൂരത്തുള്ള ഹോട്ടലിൽ ഒരു സ്യൂട്ട് റൂം, അഞ്ച് ജൂണിയർ സ്യൂട്ട് റൂം, 77 മുറികൾ എന്നിവയുണ്ട്. സ്റ്റാൻഡേർഡ് മുറിയുടെ ഒരു രാത്രിയിലെ വാടക പോലും ഇത്തിരി കൂടുതലാണ് .
105 പൗണ്ട് ആണ് (ഏകദേശം 11,000 രൂപ). സ്പാ, സെൻസറി ഷവറുകൾ, സാൾട്ട് വാട്ടർ പൂൾ തുടങ്ങിയവയും എടുത്തു പറയേണ്ട പ്രത്യേകതകളാണ്.
റൂഫ് ടോപ്പിലുള്ള സ്കൈ ബാറിലിരുന്നാൽ നഗരത്തിന്റെ ആകാശക്കാഴ്ചയും മെഡിറ്ററേനിയൻ കടലും ആസ്വദിക്കാം.
224 കോടിയുടെ കാർ!
വാഹന പ്രിയനായ മെസിയുടെ ആഡംബര വാഹന ശേഖരം ഏതൊരു കാർ ഷോറൂമിനെയും വെല്ലും. ഓഡി മുതൽ പഗാനി സോണ്ട വരെയുള്ള കാറുകളുണ്ട്.
മെസിയുടെ കാറുകളുടെ ആകെ വില നോക്കിയാൽ ഏകദേശം അൻപത് മില്ല്യൺ ഡോളറിന് (ഏകദേശം 375 കോടി രൂപ) അടുത്തു വരും.
സ്വപ്നതുല്യമായ സംവിധാനങ്ങളുള്ള ഫെരാരി 335 എസ് സ്പൈഡർ സ്കഗേലിറ്റിയാണ് കൂട്ടത്തിലെ താരം.
മുപ്പതു മില്ല്യൺ ഡോളറിനാണ് (ഏകദേശം 224 കോടി) മെസി ലേലത്തിലൂടെ ഈ കാർ സ്വന്തമാക്കിയത്.
മെസി വിടാതെ പിടിച്ചതോടെ ലോകത്തിലെ ഏറ്റവും വിലയേറിയ കാർ എന്ന ബഹുമതികൂടിയാണ് ലേലം വഴി ഈ ഫെരാരിയെ തേടിയെത്തിയത്.
വേഗമേറിയ പഗാനി
എഫ്335നു പുറമേ എഫ് 430 ഉണ്ട്. മെസിയുടെ കാർ ശേഖരത്തിൽ കാഴ്ചയിലെ സുന്ദരൻ പഗാനി സോണ്ട ട്രൈകളറാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയതും വിലപിടിപ്പുള്ളതുമായ കാറാണിത്.
രണ്ട് മില്ല്യൺ ഡോളർ (ഏകദേശം 15 കോടി) ആണ് പഗാനി ട്രൈക്കളറിന്റെ വില. ഓഡി കാറുകളുടെ വലിയ ശേഖരം തന്നെ മെസിക്കുണ്ട്.
ജെർമൻ നിർമിത കാറുകളോടുള്ള അദ്ദേഹത്തിന്റെ താത്പര്യമാണ് അദ്ദേഹത്തിന്റെ കാർ ഷെഡിൽ നിറഞ്ഞുനിൽക്കുന്നത്.
ഓഡി ആർഎസ്6, എ7, ക്യു7 എന്നീ മോഡലുകളാണ് മെസിയുടെ പക്കലുള്ളത്. കൂട്ടത്തിൽ ക്ലാസി ലുക്കുകാരൻ മെഴ്സിഡസ് എസ്എൽഎസ് എഎംജിയാണ്.
ഇതിനു പുറമേ രണ്ട് ഗ്രാൻ ടുറിസ്മോ കാറുകളും ഒരു സ്രാഡേലും മെസിക്കുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ എസ്യുവിയായ റേഞ്ച് റോവർ വോഗും സ്പോർട്ടും മെസിയുടെ ശേഖരത്തിലുണ്ട്.
റേഞ്ച് റോവർ കാറുകളാണ് മെസി കൂടുതലായി, ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.
ഇവയോടൊപ്പം മിനികൂപ്പർ, കാഡിലാക് എസ്കലേഡ്, ലെക്സസ് ആർഎക്സ് 450 എന്നിവയും മെസിയുടെ കാറുകളുടെ പട്ടികയിലുണ്ട്.
(തുടരും)