പോളണ്ടുമായുള്ള മത്സരത്തിൽ നിർണായക നിമിഷത്തിൽ പെനാല്‍റ്റി പാഴാക്കിയതിൽ താൻ നിരാശനാണെന്ന് സൂപ്പർ താരം ലയണൽ മെസി.
ജീവന്മരണ പോരാട്ടത്തില്‍ ലീഡ് നേടാനുള്ള സുവർണാവസരമാണ് മെസി 38ാം മിനിറ്റിൽ കളഞ്ഞുകുളിച്ചത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീന പ്രീക്വാര്‍ട്ടറിൽ കടന്നെങ്കിലും പെനാൽറ്റി നഷ്ടപ്പെടുത്തിയതിൽ തനിക്ക് നിരാശയുണ്ടെന്നും എന്നാൽ തന്റെ തെറ്റിന് ശേഷം ടീം കൂടുതൽ ശക്തമായ പോരാട്ടം പുറത്ത് എടുത്തെന്നും മെസി മത്സരശേഷം പറഞ്ഞു.
പോളണ്ട് ഗോളി സ്റ്റെന്‍സി മെസിയെ ഫൗള്‍ ചെയ്തതിനായിരുന്നു റഫറി അർജന്റീനയ്ക്ക് പെനൽറ്റി അനുവദിച്ചു.
സൂപ്പർ താരത്തിന്റെ കിക്ക് പോളണ്ട് ഗോളി തട്ടിയകറ്റിയത് ആരാധകരെ ഞെട്ടിച്ചെങ്കിലും 46ാം മിനിറ്റിൽ മാക് അലിസ്റ്ററും 67ാം മിനിറ്റിൽ ജൂലിയന്‍ ആല്‍വാരസും പോളണ്ട് പ്രതിരോധക്കോട്ട തകർത്ത് മെസിയെയും ടീമിനെയും രക്ഷിക്കുകയായിരുന്നു.