പാരീസ്: അർജന്റൈൻ സൂപ്പർ ഫുട്ബോളർ ലയണൽ മെസിയെ ബഹുമാനമില്ലാത്തവനെന്നു വിശേഷിപ്പിച്ച് അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ പിഎസ്ജിയുടെ (പാരീസ് സെന്റ് ജെർമയ്ൻ) ചെയർമാൻ നാസർ അൽ ഖെലൈഫി.
“പിഎസ്ജി ക്ലബ്ബിനോട് ബഹുമാനമില്ലാത്തവനാണ് മെസി. അല്ലെങ്കിൽ പുറത്തുപോയശേഷം ക്ലബ്ബിനെ കുറിച്ച് മോശമായി സംസാരിക്കില്ല. എന്നുവച്ച് മെസി മോശക്കാരനല്ല, എനിക്ക് അദ്ദേഹത്തോട് താത്പര്യമില്ല” – ഖെലൈഫി പറഞ്ഞു.
സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയിൽനിന്ന് പിഎസ്ജിയിൽ എത്തിയെങ്കിലും ക്ലബ്ബിലെ സാഹചര്യത്തോട് പൊരുത്തപ്പെടാൻ മെസിക്ക് സാധിച്ചിരുന്നില്ല. ബാഴ്സലോണയിൽ എല്ലാം മെസിയായിരുന്നു. എന്നാൽ, മെസി വരുന്പോൾ പിഎസ്ജിക്ക് കിലിയൻ എംബപ്പെ, നെയ്മർ എന്നിങ്ങനെ രണ്ട് താരങ്ങൾ ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിഫ 2022 ഖത്തർ ലോകകപ്പ് നേടിയശേഷം ക്ലബ്ബിൽ തിരിച്ചെത്തിയപ്പോൾ ശുഭകരമായ സ്വീകരണം ലഭിച്ചില്ലെന്ന് കഴിഞ്ഞ 2023 സെപ്റ്റംബറിൽ മെസി വെളിപ്പെടുത്തിയിരുന്നു. 2023 ജൂണിൽ പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചശേഷം ഫ്രീഏജന്റായി മെസി അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് ചേക്കേറി.
അതേസമയം, പിഎസ്ജിയിൽ മെസിക്ക് ഒപ്പമുള്ള മത്സരങ്ങൾ ഇപ്പോഴും മിസ് ചെയ്യുന്നു എന്ന് കഴിഞ്ഞ ദിവസം കിലിയൻ എംബപ്പെ പറഞ്ഞിരുന്നു.