ദോഹ: ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ ക്യാപ്റ്റൻ ലയണൽ മെസി ലോകകപ്പ് വേളയിൽ താമസിച്ച മുറി മ്യൂസിയമായി പ്രഖ്യാപിച്ച് ഖത്തർ സർവകലാശാല. ഖത്തർ യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഹോസ്റ്റലിൽ മെസി താമസിച്ച മുറിയാണ് മിനി മ്യൂസിയമായി പ്രഖ്യാപിച്ചത്.
നവംബർ 17നാണ് അർജന്റീന ടീം ഖത്തറിൽ എത്തിയത്. ലോകകപ്പ് ജേതാക്കളായി ഡിസംബർ 19ന് രാവിലെ നാട്ടിലേക്ക് മടങ്ങുന്നത് വരെ 29 ദിവസവും അർജന്റീനൻ ടീമിന്റെ താമസം ഖത്തർ യൂണിവേഴ്സിറ്റിയിലായിരുന്നു.
താരങ്ങളുടെ ചിത്രങ്ങൾ പതിച്ചും ചുമരിനും വാതിലുകൾക്കും അർജന്റീന ദേശീയ പതാകയുടെയും ജഴ്സിയുടെയും നിറങ്ങൾ നൽകിയും സ്പാനിഷിൽ സ്വാഗതമോതിയും ഖത്തറിലെ താമസയിടം മിനി അർജന്റീനയാക്കി അധികൃതർ മാറ്റി.