അറ്റ്ലാന്റ (യുഎസ്എ): 2024 കോപ്പ അമേരിക്ക ഫുട്ബോളിന് നിലവിലെ ചാന്പ്യന്മാരായ അർജന്റീനയുടെ ജയത്തോടെ കിക്കോഫ്.
ഗ്രൂപ്പ് എയിൽ അർജന്റീന 2-0ന് കാനഡയെ തോൽപ്പിച്ചു. സൂപ്പർ താരം ലയണൽ മെസി ചരിത്രം കുറിച്ച മത്സരത്തിൽ ജൂലിയൻ ആൽവരസ് (49’), ലൗതാരൊ മാർട്ടിനെസ് (88’) എന്നിവരായിരുന്നു അർജന്റീനയ്ക്കായി വലകുലുക്കിയത്.
കാനഡയ്ക്കെതിരേ ഇറങ്ങിയതോടെ കോപ്പ അമേരിക്ക ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരം എന്ന റിക്കാർഡ് ലയണൽ മെസി സ്വന്തമാക്കി.
ചിലിയുടെ സെർജിയൊ ലിവിംഗ്സ്റ്റണിന്റെ (34 മത്സരം) റിക്കാർഡാണ് മെസി (35 മത്സരം) തിരുത്തിയത്. മാത്രമല്ല, ഏറ്റവും കൂടുതൽ കോപ്പ അമേരിക്ക ടൂർണമെന്റ് കളിക്കുന്ന (ഏഴ്) അർജന്റൈൻ താരം എന്ന നേട്ടത്തിലും മെസിയെത്തി. 2007 മുതലുള്ള എല്ലാ കോപ്പയിലും മെസി കളിച്ചു.
കാനഡയ്ക്കെതിരായ മത്സരത്തിൽ ആദ്യ ഗോളിലേക്കുള്ള വഴിതുറന്നതും രണ്ടാം ഗോളിന് അസിസ്റ്റ് നടത്തിയതും മെസിയാണ്. ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ 6.30ന് ചിലിക്കെതിരേയാണ് അർജന്റീനയുടെ അടുത്ത ഗ്രൂപ്പ് മത്സരം.