ബാഴ്സലോണ: ലാ ലിഗ ഫുട്ബോളില്‍ വിജയക്കണക്കില്‍ പുതിയ റിക്കാര്‍ഡിട്ട ലയണല്‍ മെസിയുടെ മികവില്‍ ബാഴ്സലോണ പത്തുപേരുമായി മത്സരം പൂര്‍ത്തിയാക്കിയ അത്ലറ്റിക്കോ മാഡ്രിഡിനെ 2-0ന് തോല്‍പ്പിച്ചു. റഫറി ജീസസ് ഗില്‍ മാന്സാനോയുടെ അമ്മയെ അധിക്ഷേപിക്കുന്ന വാക്കുപയോഗിച്ച അത്ലറ്റിക്കോയുടെ ഡിയേഗോ കോസ്റ്റയ്ക്ക് ആദ്യ പകുതില്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് കിട്ടി.
2006നുശേഷം ന്യൂ കാമ്പില്‍ ജയിക്കാത്ത അത്ലറ്റിക്കോ തുടക്കത്തില്‍ നന്നായി കളിച്ചു. പത്തുപേരുമായി കളിച്ചിട്ടും ബാഴ്സലോണയെ വിറപ്പിക്കാന്‍ അത്ലറ്റിക്കോയ്ക്കായി. അത്ലറ്റിക്കോ ഗോളി ജാന്‍ ഒബ്ലാക്കിന്റെ ഗംഭീര പ്രകടനവും ചേര്‍ന്നപ്പോള്‍ ലയണല്‍ മെസിക്കും ലൂയി സുവാരസിനും ലക്ഷ്യം കാണാനായില്ല.
എന്നാല്‍, 85-ാം മിനിറ്റില്‍ സുവാരസിന്റെ തകര്‍പ്പന്‍ ഷോട്ട് ഒബ്ലാക്കിനെ കടന്ന് വലയിലായി. തൊട്ടടുത്ത മിനിറ്റില്‍ മെസി ബാഴ്സലോണയുടെ ജയം പൂര്‍ത്തിയാക്കി. ലീഗില്‍ ഏഴു മത്സരം കൂടിയുള്ളപ്പോള്‍ ബാഴ്സലോണ കിരീടത്തോടടുത്തിരിക്കുകയാണ്. 31 കളിയില്‍ 73 പോയിന്റാണ് ബാഴ്സലോണയ്ക്ക് ഇത്രതന്നെ മത്സരങ്ങളില്‍ 62 പോയിന്റുള്ള അത്ലറ്റിക്കോ രണ്ടാം സ്ഥാനത്താണ്.
ലാ ലിഗയില്‍ മെസിയുടെ 335-ാമത്തെ ജയമാണ്. അര്‍ജന്റൈന്‍ താരത്തിന്റെ 447 ലീഗ് മത്സരമായിരുന്നു. വിജയക്കണക്കില്‍ റയല്‍ മാഡ്രിഡിന്റെ മുന്‍ ഗോളി ഇകര്‍ കസിയസിന്റെ റിക്കാര്‍ഡാണ് മെസി തിരുത്തിയത്. 1999 മുതല്‍ 2015 വരെയുള്ള കാലത്താണ് കസിയസ് റയലിനായി കളിച്ചത്.