വി. മനോജ്
റഷ്യയിലെ കസാൻ അരീനയിലെ പുൽമൈതാനത്ത് ഫ്രാൻസിന്റെ ജയഭേരി മുഴങ്ങുന്പോൾ ഒന്നും കാണാതെയും ഒന്നും കേൾക്കാതെയും നിരാശനായി നിൽക്കുകയായിരുന്നു ലയണൽ മെസി. കണ്ണീരില്ലാതെ കരയുകയായിരുന്നു അയാൾ.
ഒരു പ്രതിഭാശാലിക്കു ലോകത്തിനു മുന്നിൽ മുദ്രചാർത്താൻ ലോകകപ്പ് വേണമില്ലെന്നു വാദിക്കാമെങ്കിലും ലോകകപ്പ് എന്നത് വലിയൊരു നേട്ടം തന്നെയാണ്. മെസി എന്ന അതുല്യ പതിഭയ്ക്കു റഷ്യയിൽ നഷ്ടമായതും ഈ അലങ്കാരം തന്നെയാണ്. കഴിഞ്ഞ ബ്രസീൽ ലോകകപ്പിൽ ശരാശരി മാത്രമായ അർജന്റീനയെ ഫൈനൽ വരെ കൊണ്ടെത്തിച്ചത് മെസിയായിരുന്നു.
ആ മെസിയ്ക്കു ഇത്തവണ പ്രീക്വാർട്ടിനപ്പുറം പോകാനായില്ല. മറഡോണയ്ക്കു ശേഷം രാജ്യത്തിനു കിരീടം നേടിക്കൊടുക്കാൻ ഇതാ ദൈവപുത്രനെന്നു ഓരോ അർജന്റീനക്കാരനും വിശ്വസിച്ചിരുന്നു. രണ്ടോ മൂന്നോ അതിവേഗ നീക്കങ്ങൾ കഴിഞ്ഞാൽ മെസി മൈതാനത്തു നടക്കുകയായിരുന്നു. നൈജീരിയ്ക്കെതിരേ ഒരു ഗോൾ. ഫ്രാൻസിനെതിരേ രണ്ടു അസിസ്റ്റ്.. ഇതായിരുന്ന സംഭാവന.
അങ്ങനെ ത്രസിപ്പിക്കുന്ന നോക്കട്ട് റൗണ്ടിലെ ആദ്യ പോരാട്ടങ്ങൾക്കൊടുവിൽ ത്രിമൂർത്തികളിൽ രണ്ടു പേർക്കു മടക്കയാത്ര. ലോക ഫുട്ബോളിലെ മഹാരഥൻമാരായ ലയണൽമെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് കളം വിട്ടിരിക്കുന്നത്. ഇവർക്കു മുന്പ് ആദ്യം പടിയിറങ്ങിയത് നിലവിലെ ജേതാക്കളായ ജർമനി. അതുകഴിഞ്ഞു മെസിയും ക്രിസ്റ്റ്യാനോയും.
ഇപ്പോൾ മുൻ ജേതാക്കളായ സ്പെയിനും അതേവഴിയിൽ. ഇത്തവണ കിരീട സാധ്യത പട്ടികയിൽ ഇടം നേടിയ ടീമുകളായിരുന്നു ഇവയെല്ലാം. ആതിഥേയരായ റഷ്യയോടു ഷൂട്ടൗട്ടിലാണ് പാസിംഗ് ഗെയിമിന്റെ വക്താക്കളായ സ്പെയിൻ പുറത്തായത്. ഇഞ്ചോടിഞ്ചു പോരാട്ടം കാഴ്ചവച്ചു തങ്ങളുടെ ടീമിനു ജയം ഒരുക്കാനാകാതെ റഷ്യൻ ലോകകപ്പിൽ നിന്നു വിട പറഞ്ഞിരിക്കുകയാണ് കാൽപ്പന്തുകളിയിലെ ഈ മഹാഗോപുരങ്ങൾ.
അർജന്റീന ഫ്രാൻസിനോടു മൂന്നിനെതിരേ നാലു ഗോളുകൾക്കു തോൽവിയേറ്റപ്പോൾ ഉറുഗ്വെയോടു ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു വീഴുകയായിരുന്നു പോർച്ചുഗൽ. കായികപ്രേമികളെ മുൾമുനയിൽ നിർത്തുന്നതായിരുന്നു അർജന്റീന-ഫ്രാൻസ് പോരാട്ടമെങ്കിൽ ആദ്യാവസാനംവരെ ത്രില്ലടിപ്പിക്കുന്നതായിരുന്നു പോർച്ചുഗൽ-ഉറുഗ്വെ മത്സരം. അതിവേഗ നീക്കങ്ങൾ… മനം മയക്കുന്ന ഗോളുകൾ…പ്രതിരോധം പിളർത്തുന്ന പാസുകൾ… മിന്നുന്ന ഹെഡറുകൾ… ഒടുവിൽ ഷൂട്ടൗട്ടും. അങ്ങനെ കാൽപ്പന്തുകളിയിലെ സകല ദൃശ്യങ്ങളും വേണ്ടുവോളമുണ്ടായിരുന്നു ഇവരുടെ മത്സരങ്ങളിൽ.
ഒടുവിൽ രണ്ടു സൂപ്പർതാരങ്ങളുടെ ടീമുകൾ പുറത്തായപ്പോൾ പുതിയൊരു താരോദയം കൈലിയൻ എംബാപ്പെയെന്ന പേരിൽ റഷ്യയിൽ നിന്നു ഉദിക്കുന്നതിന്റെ സൂചനയും കണ്ടു. ഇവിടെ മെസി, ക്രിസ്റ്റ്യാനോ, നെയ്മർ എന്നി ത്രിമൂർത്തികളിൽ ഇനി ബാക്കിയാകുന്നത് ബ്രസീലിന്റെ നെയ്മർ മാത്രമാണ്. ബ്രസീൽ ഇന്നു മെക്സിക്കോയെ നേരിടുകയാണ്.
എന്തൊക്കെയായിരുന്നു ഇത്തവണത്തെ വരവേൽപ്പ്്?. ലോകമെങ്ങും ആരാധകരുള്ള ലയണൽമെസി അർജന്റീനയെ കരകയറ്റുമെന്ന വിശ്വാസത്തിലായിരുന്നു ആരാധകർ. അവസാനനിമിഷം വരെ ആരാധകർ പ്രാർഥനയിലായിരുന്നു. ഒടുവിൽ റഫറിയുടെ വിസിൽനാദം ഉയർന്നതോടെ എല്ലാം തീർന്നു. നാടെങ്ങും ഫ്ളക്സ് ബോർഡുകളും കൗട്ടുകളുമൊരുക്കിയാണ് മെസിയെയും സംഘത്തെയും ആരാധകക്കൂട്ടം വരവേറ്റത്.
റഷ്യൻ ലോകകപ്പ് മെസി ഉയർത്തുമെന്നു അവർ സ്വപ്നം കണ്ടു. പ്രാഥമിക റൗണ്ടിൽ മങ്ങിയ പ്രകടനം കാഴ്ചവച്ചിട്ടും ആരാധകർ അർജന്റീനയെ കൈവിട്ടില്ല. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തിരിച്ചെത്തിയതോടെ പ്രതീക്ഷയേറി. ഒടുവിൽ നോക്കൗട്ടിൽ കരുത്തരായ ഫ്രാൻസിനോടു കീഴടങ്ങനായിരുന്നു വിധി.
വലിയൊരു ദൗത്യം നിറവേറ്റനാകാതെയാണ് മെസി മടങ്ങുന്നത്. ലോകകിരീടം. ബഹുമതികൾ ഒരോന്നായി വാരിക്കൂട്ടിയിട്ടും നാടിനായി ലോകകപ്പ് ഉയർത്താൻ കഴിഞ്ഞില്ലല്ലോയെന്നു ഓർത്തു അദ്ദേഹത്തിനു സങ്കടപ്പെടാം. ലോകത്തിന്റെ പ്രതീക്ഷയുടെ മുഴുവൻ ഭാരവും നെഞ്ചേറ്റിയ കളിക്കാരനായിരുന്നു മെസി. 2022ലെ ഖത്തർ ലോകകപ്പിലേക്കു ഇനിയൊരു തിരിച്ചുവരവ് സാധ്യമാകാൻ പ്രയാസമാണ്.
ഇതു തന്നെയാണ് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അവസ്ഥ. ടീം തോറ്റിട്ടും കൂടുതൽ നിരാശനായി കാണപ്പെട്ടത് മെസിയെയായിരുന്നു. കാരണം മെസി ഇത്തവണ അത്രയ്ക്കും ആഗ്രഹിച്ചിരുന്നു ലോകകിരീടം. എന്നാൽ വിധി മറ്റൊന്നായി. യൂറോപ്യൻ ചാന്പ്യൻമാരായ പോർച്ചുഗലിനെ മുന്നോട്ടു കൊണ്ടുപോകാൻ ക്രിസ്റ്റ്യാനോയ്ക്കും കഴിഞ്ഞില്ല.
ഫ്രാൻസിനെതിരേ ആക്രമണ ഫുട്ബോൾ കാഴ്ചവച്ച അർജന്റീന കൗണ്ടർ അറ്റാക്കിലാണ് വീണത്. അതിവേഗത്തിലുള്ള ഫ്രാൻസിന്റെ കുതിപ്പു തടയാൻ അർജന്റീന നന്നേ വിഷമിച്ചു. ഇരട്ടഗോൾ നേടിയ എംബാപ്പെയെ പിടിച്ചുകെട്ടാൻ പ്രയാസപ്പെടുകയായിരുന്നു അർജന്റീനയുടെ മധ്യനിരയും പ്രതിരോധനിരയും.
പന്തുകിട്ടിയപ്പോഴേക്കെ എംബാപ്പെ എതിർഗോൾമുഖത്ത് ഭീഷണിയുയർത്തി. മറുവശത്ത് ചില ജാഗ്രതക്കുറവു ഒഴിച്ചു നിർത്തിയാൽ അർജന്റീന ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചതെന്നു കാണാം. നാലിനെതിരേ മൂന്നു ഗോളുകൾ അർജന്റീനക്ക് കണ്ടെത്താൻ കഴിഞ്ഞത് നിസാരമായി കാണാനാകില്ല. എയ്ഞ്ചൽ ഡിമരിയ, മെർക്കാഡോ, അഗ്യൂറോ എന്നിവരാണ് സ്കോർ ചെയ്തത്. രണ്ടു ഗോളിനു മെസി വഴിമരുന്നിടുകയും ചെയ്തു.
മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ലീഡു നേടിയ അർജന്റീന അടുത്ത നിമിഷം പ്രതിരോധത്തിലേക്കു വലിഞ്ഞതാണ് വിനയായത്. മറുപടിയായി എംബാപ്പെയുടെ ഇരട്ടഗോൾ വന്നതു ഇതുവഴിയായിരുന്നു. മികച്ച മധ്യനിരയും അതിനൊത്ത മുന്നേറ്റ നിരയുമുള്ള ടീമായിരുന്നു ഫ്രാൻസ്. അർജന്റീനയുടെ ഗെയിം പ്ലാൻ ഇത്തവണ മികച്ചതായിരുന്നില്ലെന്നതാണ് സത്യം.
പ്രായാധിക്യവും അവരിൽ നിഴലിച്ചു. മെസിക്കു പൂർണതോതിൽ കളിക്കാനുമായില്ല. ക്ലബു ടീമുകളെ പോലെ ബോക്സിലേക്കു ഡ്രിബ്ലിൾ ചെയ്തു കയറാൻ കഴിയും വിധത്തിലുള്ള സഹകളിക്കാരുടെ വിന്യാസം പലപ്പോഴും സ്വന്തം രാജ്യത്തെ ടീമിൽ നിന്നു ലഭിക്കണമെന്നില്ല. ഈ അവസരത്തിൽ കളിയുടെ ഗതിമാറ്റാൻ കഴിയുന്നവർക്കു വിജയിക്കാനാകൂ. റഷ്യയിൽ മെസിയ്ക്കും ക്രിസ്റ്റ്യാനോയയ്ക്കും ഇല്ലാതെ പോയത് ഇതു തന്നെയാണ്.
അർജന്റീനയുടെ എവർ ബനേഗയുടെയും എയ്ഞ്ചൽ ഡിമരിയയുടെയും നീക്കങ്ങളാണ് മനസിൽ തങ്ങിനിൽക്കുന്നത്. മുൻനിരയിലെ ഹിഗ്വെയ്ൻ തീർത്തും പരാജയമായിരുന്നു. അഗ്യൂറോ രണ്ടു ഗോളടിച്ചു. മഷ്കാരാനെ ചില അബദ്ധങ്ങൾ വരുത്തിയെങ്കിലും ആദ്യാവസാനംവരെ നിലകൊണ്ടു. പുതിയ കളിക്കാരെ കൃത്യമായി പരീക്ഷിക്കാനും സാംപോളിക്കു സാധിക്കാത്തതും തിരിച്ചടിയായി.
അതേസമയം ഒറ്റയാൾ പ്രകടനമായിരുന്നു പോർച്ചുഗലിൽ നിന്നു കണ്ടത്. പ്രീക്വാർട്ടർവരെ ടീമിനെ കൊണ്ടുപോകാൻ ക്രിസ്റ്റ്യാനോയ്ക്കു കഴിഞ്ഞു. ഉറുഗ്വെയുടെ എഡിസൻ കവാനിക്കു മുന്നിൽ തകരുകയായിരുന്നു പോർച്ചുഗൽ. എത്രമാത്രം സ്വതന്ത്രവും സംഘടിതവുമായാണ് ഉറുഗ്വെ കളിച്ചതെന്നു ശ്രദ്ധേയം. പോർച്ചുഗലിനെതിരേ സുവരാസ് -കവാനി കൂട്ടുകെട്ടിൽ പിറന്ന ആദ്യഗോളിന്റെ സൗന്ദര്യത്തെ ഏങ്ങനെ വർണിക്കും? ലാറ്റിനമേരിക്കയുടെ പവർ ഫുട്ബോളിനു മുന്നിൽ പോർച്ചുഗലിനു മറുപടിയില്ലായിരുന്നു.
ഈ അവസരത്തിൽ സ്പെയിനും ഗോൾ കണ്ടെത്താതെ പ്രയാസപ്പെട്ടു. റഷ്യയ്ക്കെതിരേ കൂടുതൽ സമയം പന്തു കൈവശംവച്ചു കളിച്ചിട്ടും നിശ്ചിതസമയത്ത് കൂടുതൽ ഗോൾ നേടാനാകാത്തതിൽ അവർക്കു സ്വയംപഴിക്കാം. ശക്തമായ ക്ലബ് ഫുട്ബോൾ നടക്കുന്ന നാട്ടിൽ നിന്നെത്തിയിട്ടും സ്പെയിനിനു ഈ മുൻതൂക്കം നേടാനായില്ല. അതുകൊണ്ടു തന്നെ സെർജിയോ റാമോസിനും സംഘത്തിനും കിരീടമില്ലാത്ത മടക്കയാത്രയാണ്.
മറുഭാഗത്ത് ഓരോ ഗോൾവീതം നേടി മത്സരം എക്സ്ട്രാ സമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീങ്ങിയപ്പോൾ സ്വന്തം നാടിന്റെ പിന്തുണയിൽ റഷ്യയ്ക്കു ആത്മവിശ്വാസം ഇരട്ടിച്ചു. ഷൂട്ടൗട്ടിൽ പതറാതെ റഷ്യ കിക്കുകൾ വലയിലെത്തിച്ചപ്പോൾ പരിചയ സന്പന്നരായ സ്പെയിനിനു പിഴച്ചു. കോക്കെ, ഇയാഗോ ആസ്പാസ് എന്നിവരുടെ ഷോട്ടുകൾ റഷ്യൻ ഗോൾകീപ്പർ അകിൻഫീവ് തടഞ്ഞിട്ടതോടെ റഷ്യ ആദ്യമായി ലോകകപ്പിന്റെ ക്വാർട്ടറിലേക്കും.