ബുവേനോസ് ആരീസ്: റഷ്യൻ ലോകകപ്പ് ഉയർത്തുകയെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നമെന്ന് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. 2014 ലോകകപ്പ് ഫൈനലിലെ തോൽവി ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
അർജന്റീന ടീമിന് റഷ്യൻ ലോകകപ്പിനുള്ള യാത്രയയപ്പ് ചടങ്ങിനിടെയുള്ള അഭിമുഖത്തിലായിരുന്നു മെസി മനസ് തുറന്നത്. അർജന്റീന പ്രസിഡന്റ് മൗറീഷ്യോ മക്രി ഉൾപ്പെടെയുള്ള പ്രമുഖർ അർജന്റീന ടീമിനെ യാത്രയയ്ക്കാൻ എത്തിയിരുന്നു.
ഇന്നലെ സ്പെയിനിലെ ബാഴ്സലോണയിലെത്തിയ അർജന്റൈൻ സംഘം അടുത്ത ദിവസം ഇസ്രയേലിനെ നേരിടാൻ ജറുസലമിലേക്ക് യാത്രതിരിക്കും. ഞായറാഴ്ചയാണ് അർജന്റീന – ഇസ്രയേൽ സന്നാഹ മത്സരം. ലോകകപ്പിനായി റഷ്യയിലേക്കു പുറപ്പെടുന്നതിമുന്പ് അർജന്റീനയുടെ അസാനവട്ട ഒരുക്കം ബാഴ്സലോണയിൽ നടക്കും.
2014 ലോകകപ്പിൽ തങ്ങളുടെ സർവകരുത്തും അർപ്പിച്ചായിരുന്നു ഓരോ മത്സരവും കളിച്ചത്. എന്നിട്ടും ഫലം അവസാന നിമിഷം എതിരായി. ഇത്തവണയും അമിത പ്രതീക്ഷകൾ വച്ചുപുലർത്തുന്നതിൽ കാര്യമില്ല.
എങ്കിലും തങ്ങളുടെ ജനറേഷനിലുള്ള കളിക്കാർക്ക് ലോകകപ്പ് ഉയർത്താൻ ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇതെന്നും മെസി പറഞ്ഞു. തോൽവികളിൽ കുറ്റപ്പെടുത്തലുകൾ ഉണ്ടാകുന്പോൾ വേദനിക്കാറുണ്ടെന്നും മുപ്പതുകാരനായ താരം കൂട്ടിച്ചേർത്തു.
ലോകകപ്പിനുള്ള അർജന്റൈൻ സംഘം പുറപ്പെടുന്നതിനു മുന്പ് 1986 ലോകകപ്പ് നേടിയ നായകനായ ഡിയേഗോ മാറഡോണ മെസിക്കും കൂട്ടർക്കും ഉപദേശം നല്കാൻ മറന്നില്ല. എല്ലാ പ്രശ്നങ്ങളും മറന്ന് കളികളിൽ മാത്രം ശ്രദ്ധിക്കുകയും ആസ്വദിക്കുകയുമാണ് വേണ്ടതെന്ന് മാറഡോണ ഉപദേശിച്ചു. ലോകകപ്പിലെ ഫേവറിറ്റുകളല്ല അർജന്റീനയെന്നും ഫേവറിറ്റുകൾ മിക്കപ്പോഴും ലോകകപ്പ് നേടാറില്ലെന്നും മാറഡോണ പറഞ്ഞു.