ബുവാനോസ് ആരീസ്: മൂന്നരപ്പതിറ്റാണ്ടിനുശേഷം വിശ്വകിരീടം അർജന്റീനയുടെ മണ്ണിൽ. കിരീടവുമായി തലസ്ഥാനനഗരമായ ബുവാനോസ് ആരീസിലെ എസെയ്സ വിമാനത്താവളത്തിൽ തിരിച്ചെത്തിയ ലയണൽ മെസിക്കും സംഘത്തിനും ആവേശോജ്വല വരവേൽപ്പാണ് ആരാധകർ നൽകിയത്.
ഇന്നലെ പുലർച്ചെ രണ്ടരയോടെ എത്തിയ മെസിയെയും സംഘത്തെയും സ്വീകരിക്കാൻ ബുവാനോസ് ആരീസിൽ വന് ജനസഞ്ചയമാണ് ഒത്തുചേർന്നത്.
ആഘോഷരാവ്
ഖത്തറിൽ ഞായറാഴ്ച നടന്ന കലാശപ്പോരാട്ടത്തിൽ ടീം വിജയം നേടിയതു മുതൽ ബുവാനോസ് ആരീസിൽ ആഘോഷാന്തരീക്ഷമാണ്. ടീമംഗങ്ങൾ വന്നിറങ്ങിയതോടെ ആവേശം അണപൊട്ടി.
സംഗീതം അലയടിച്ച അന്തരീക്ഷത്തിലാണു വിമാനത്തിന്റെ വാതിൽ തുറന്നത്. സ്വർണക്കപ്പും കൈയിലേന്തി നായകൻ ലയണൽ മെസി ആദ്യം പുറത്തേക്കുവന്നു. പിന്നാലെ, പരിശീലകൻ ലയണൽ സ്കലോണിയും. ശേഷം ടീമംഗങ്ങൾ ഓരോരുത്തരായി പുറത്തേക്ക്.
വിമാനത്താവളത്തിൽനിന്നു പുറത്തെത്തിയതിനു പിന്നാലെ സ്വർണ മെഡൽ കഴുത്തിലണിഞ്ഞ്, ലോകകപ്പ് കൈയിലേന്തി തുറന്ന ബസിൽ സഞ്ചരിച്ച താരങ്ങൾ, ആരാധകരുടെ സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി.
അവർ പാട്ടു പാടി, ചെണ്ടകൊട്ടി, പടക്കം പൊട്ടിച്ചു. പിന്നീട്, തുറന്ന ബസിൽത്തന്നെ ടീമംഗങ്ങൾ നഗരം ചുറ്റി.
നഗരംചുറ്റി…
ഒരു ടീം, ഒരു രാജ്യം, ഒരു സ്വപ്നം എന്നാണു മെസിയും സംഘവുമെത്തിയ വിമാനത്തിൽ എഴുതിയിരുന്നത്. വിജയം ആഘോഷിക്കാൻ അർജന്റീനയിൽ ഇന്നലെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
വിമാനത്താവളത്തിനടുത്തുള്ള അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പരിശീലന സമുച്ചയത്തിലാണു താരങ്ങൾ തങ്ങുന്നത്.
തലസ്ഥാന നഗരത്തിൽ ദശലക്ഷങ്ങൾ അണിനിരക്കുന്ന വന്പൻ സ്വീകരണം ടീമിനായി ഒരുക്കിയിട്ടുണ്ട്. നഗരമധ്യത്തിലെ ഒബ്ലെസ്ക് മൈതാനത്താണ് ഔദ്യോഗിക വരവേൽപ്പ്.
ഷൂട്ടൗട്ടിലേക്കു നീണ്ട കളിയിൽ ഫ്രാൻസിനെ വീഴ്ത്തിയായിരുന്നു അർജന്റീനയുടെ ചരിത്രനേട്ടം. ടൂർണമെന്റിലുടനീളം നിറഞ്ഞുകളിച്ച മെസിതന്നെയായിരുന്നു ഫൈനലിലും ടീമിന്റെ വിജയനായകൻ.
പരാജിതരും മടങ്ങി
ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ട ഫ്രാൻസ് ടീമിനും തുടർച്ചയായ രണ്ടാം ലോകകപ്പിലും സെമിയിൽ കടന്ന ക്രൊയേഷ്യൻ ടീമിനും സ്വദേശത്തു സ്വീകരണം നൽകി.