ബുവേനോസ് ആരീസ്: അർജന്റൈൻ ഫുട്ബോൾ ക്യാപ്റ്റനും ബാഴ്സലോണയുടെ താരവുമായ ലയണൽ മെസിക്ക് രാജ്യാന്തര ഫുട്ബോളിൽ മൂന്നു മാസം വിലക്ക്. സൗത്ത് അമേരിക്കൻ ഫുട്ബോൾ കോണ്‍ഫെഡറേഷനാണ് മെസിക്കെതിരേ കടുത്ത നടപടി സ്വീകരിച്ചത്. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീലിനെ ചാമ്പ്യന്മാരാക്കാന് വേണ്ടി ആസൂത്രണം ചെയ്തതാണെന്ന വിവാദ പരാമർശമാണ് താരത്തെ വെട്ടിലാക്കിയത്.
കോപ്പ അമേരിക്ക ഫുട്ബോളിലെ മൂന്നാം സ്ഥാനപോരാട്ടത്തിൽ ചിലിക്കെതിരേ മെസി ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതിന് ശേഷമായിരുന്നു വിവാദ പരാമർശം. ചിലി താരം ഗാരി മെഡലുമായി കളിക്കളത്തിൽ ഏറ്റുമുട്ടിയതിനായിരുന്നു ചുവപ്പ് കാർഡ്. റഫറിയിംഗിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയ മെസി മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ സ്വീകരിക്കാൻ എത്തിയിരുന്നില്ല.
ബ്രസീലിനു കപ്പ് നല്‍കാനുള്ള കള്ളക്കളികൾ നടന്നതായി മെസി ആക്ഷേപിച്ചിരുന്നു. വിവാദ പരാമർശത്തിന്റെ പേരിൽ മെസിക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്കും 1500 ഡോളർ (1.03 ലക്ഷം രൂപ) പിഴ ശിക്ഷയും നൽകിയിരുന്നു. പിന്നാലെയാണ് മെസിയെ മൂന്നാം മാസം വിലക്കിക്കൊണ്ടുള്ള തീരുമാനവും എത്തുന്നത്.
ഇതോടെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന സൗഹൃദ ഫുട്ബോളിൽ മത്സരങ്ങളിൽ അർജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങാൻ മെസിക്ക് കഴിയില്ല. ചിലി, മെക്സിക്കോ, ജർമനി ടീമുകൾക്കെതിരെയാണ് മത്സരങ്ങൾ. 2022 ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരവും മെസിക്ക് നഷ്ടമാകുമെന്ന് ഉറപ്പിച്ചിരുന്നു.സസ്പെൻഷൻ നടപടിക്കെതിരെ മെസിക്ക് ഏഴു ദിവസത്തിനുള്ളിൽ അപ്പീൽ നൽകാൻ കഴിയും.