മോസ്കോ: വീണ്ടും വിരമിക്കൽ തീരുമാനം അറിയിച്ച് ലയണൽ മെസി. ലോകകപ്പിൽ അർജന്റീനയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും തന്റെ ഭാവിയെന്ന് മെസി പറഞ്ഞു. ഞങ്ങൾ എത്ര മുന്നോട്ടു പോകുമെന്നതിലും എവിടെ അവസാനിപ്പിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാകും വിരമിക്കലെന്ന് മെസി ഒരു സ്പാനിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.2016ലെ കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് പരാജയപ്പെട്ടശേഷം മെസി വിരമിച്ചതാണ്.
മാധ്യമങ്ങളുടെയും സ്വന്തം നാട്ടുകാരുടെയും കുറ്റപ്പെടുത്തലുകളാണ് ആദ്യ വിരമിക്കൽ പ്രഖ്യാപനത്തിന് ഇടയാക്കിയതെന്ന് അന്ന് മെസി പറഞ്ഞിരുന്നു. തുടർച്ചയായ മൂന്നു ഫൈനൽ തോൽവികളാണ് മെസിയെ വിരമിക്കലിനു പ്രേരിപ്പിച്ചത്. എന്നാൽ, ലോകമെന്പാടുമുള്ള ആരാധകരുടെ അഭ്യർഥന മാനിച്ച് വിരമിക്കൽ വേണ്ടെന്നുവച്ചു തിരിച്ചെത്തിയ മെസി ടീമിനെ ലോകകപ്പ് യോഗ്യത ഘട്ടങ്ങളിൽ നയിച്ചു. താരത്തിന്റെ മികവിൽ യോഗ്യതയും നേടി.
തുടർച്ചയായി മൂന്നു ഫൈനലുകളിൽ ഞങ്ങൾ തോറ്റു. ഇത് ഞങ്ങൾക്ക് മാധ്യമങ്ങളിലൂടെ സമ്മർദം ഉണ്ടാക്കിയിരിക്കുകയാണ്- മെസി പറഞ്ഞു. മൂന്നു ഫൈനലുകളിൽ എത്താൻ കഴിയുകയെന്നത് ചെറിയ കാര്യമല്ല, ഇതും വിലമതിക്കുന്നതാണ്. വിജയമാണ് അവർക്കു പ്രധാനപ്പെട്ടതെന്ന് അറിയാം. എന്നാൽ, ഫൈനലിലെത്തുന്നത് എളുപ്പമല്ലെന്നും മെസി പറഞ്ഞു.
സ്പെയിൻ, ബ്രസീൽ, ജർമനി, ഫ്രാൻസ്, ബെൽജിയം ടീമുകളാണ് ലോകകപ്പ് നേടാൻ സാധ്യതയുള്ളവരിൽ പ്രധാനികളെന്ന് മെസി പറഞ്ഞു. വലിയ ആത്മവിശ്വാസത്തോടെയാണ് ടീമുകൾ എത്തുന്നതെന്നും ഇതിൽ ടീം ഗെയിമും വ്യക്തിഗത മികവുമുണ്ടെന്നും മെസി പറഞ്ഞു.