സമയം പുലർച്ചെ നാലായി കാണും… കണ്ണൂർ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലേക്കു വിയർത്തു കുളിച്ച് ഒരു ഖദർധാരി എത്തി. ഒറ്റ നോട്ടത്തിൽ രാത്രി ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ആളെ മനസിലായി.
സ്ഥലത്തെ പ്രാദേശിക നേതാവ്. ഇയാളെന്താ ഈ സമയത്ത്.. വല്ല ശിപാർശയുമായി വന്നിരിക്കുകയാണോ? ചുമതലയുള്ള ഗ്രേഡ് എസ്ഐയുടെ അടുത്തേക്കായിരുന്നു തിരിക്കിട്ട് അയാളുടെ പോക്ക്.
അയാൾ വെളിപ്പെടുത്തിയ ചില കാര്യങ്ങളിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ:
മെസേജിൽ കണ്ടത്
മെസഞ്ചറിലൂടെയായിരുന്നു ഈ രാഷ്ട്രീയ നേതാവുമായുള്ള പരിചയപ്പെടലിന് അനു (പേര് യാഥാർഥമല്ല) തുടക്കമിട്ടത്. പകൽ മൊത്തം തിരക്കുള്ള രാഷ്ട്രീയ പ്രവർത്തനം ആയതിനാൽ മെസഞ്ചറിൽ വരുന്ന മെസേജുകൾക്കു മറുപടി ഇയാൾ നല്കിയുമില്ല.
എന്നാൽ, തുടർച്ചയായി വന്ന മെസേജുകൾ ശ്രദ്ധയിൽപ്പെട്ട നേതാവ് പെൺകുട്ടിയുടെ പ്രൊഫൈലിൽ കയറി നോക്കി. കാണാൻ തരക്കേടില്ലാത്ത പെൺകുട്ടി. തുടർന്നു നേതാവും ചില മറുപടികൾ അയച്ചുതുടങ്ങി.
പതിയെപ്പതിയെ മെസേജുകളുടെ എണ്ണം കൂടിക്കൂടി വന്നു. രാത്രിയെന്നോ പകലെന്നോ വ്യാത്യാസമില്ലാതെ മെസേജുകൾ പറന്നു. ഇതിനിടയിൽ മെസേജിന്റെ ശൈലിയും ഭാഷയും മാറിത്തുടങ്ങിയിരുന്നു.
തേടിയെത്തിയ കോൾ
പെൺകുട്ടിയുടെ ചിത്രങ്ങളും മെസഞ്ചറിൽകൂടി ഇടയ്ക്കിടെ എത്തിക്കൊണ്ടിരുന്നു. ഇതിനിടെ, നേതാവിനോടും അവൾ ചില ചിത്രങ്ങൾ ചോദിച്ചു. നല്ല ചിത്രങ്ങൾ ഇടയ്ക്കിടെ അയച്ചു കൊടുത്തെങ്കിലും അതിൽ അവൾ തൃപ്തയായില്ല.
അല്പം ചൂടൻ ചിത്രങ്ങൾ വേണമെന്നായിരുന്നു ആവശ്യം. നേതാവ് ആദ്യമൊക്കെ മടിച്ചെങ്കിലും പെൺകുട്ടി നിർബന്ധം തുടർന്നതോടെ കെണിയിൽ വീണു.
അവളെ അന്ധമായി വിശ്വസിച്ച നേതാവ് ചൂടൻ ചിത്രങ്ങൾ തന്നെ അയച്ചു കൊടുത്തു. നഗ്നചിത്രങ്ങൾ അവൾക്കു കിട്ടിയതും മിനിറ്റുകൾക്കകം മെസഞ്ചറിലേക്ക് ഒരു ഫോൺ കോൾ.
താൻ ഇത്രയും കാലം ചാറ്റ് ചെയ്ത മെസഞ്ചറിൽനിന്നു കോൾ വരുന്നതു കണ്ടപ്പോൾ നേതാവ് ത്രില്ലടിച്ചു. കോൾ അറ്റൻഡ് ചെയ്തു. അവളുടെ സ്വരം കേൾക്കാനുള്ള ആകാംക്ഷയിൽ കാതരമായ സ്വരത്തിൽ ഹലോ എന്നു മൊഴിഞ്ഞു.
പെൺകുട്ടിയുടെ മറുപടി കേൾക്കാൻ ആകാംക്ഷയിൽനിന്ന് നേതാവിന്റെ ചെവിയെ പക്ഷേ, ഒരു പുരുഷസ്വരം പൊള്ളിച്ചു. താൻ കെണിയിൽ വീണെന്ന് നേതാവ് തിരിച്ചറിഞ്ഞു.
ചോദിക്കുന്ന പണം തന്നില്ലെങ്കിൽ താങ്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നായിരുന്നു വിളിച്ചയാളുടെ ഭീഷണി. ഒറ്റ നിമിഷംകൊണ്ട് നേതാവ് വിയർത്തു കുളിച്ചു. പിന്നെ ഒന്നും ആലോചിക്കാതെ പോലീസ് സ്റ്റേഷനിലേക്കു പായുകയായിരുന്നു.
സോഷ്യൽ മീഡിയ
സൈബൽ സെൽ വഴിയായിരുന്നു പോലീസ് അന്വേഷണം. സോഷ്യൽ മീഡിയയിലുള്ള അക്കൗണ്ട് ഉടമയെ ഒടുവിൽ പോലീസ് തിരിച്ചറിഞ്ഞു.
അഞ്ചു പേർ ഈ അക്കൗണ്ട് ഉപയോഗിക്കുന്നതായും കണ്ടത്തി. ഈ അഞ്ചംഗസംഘത്തെയും പോലീസ് വലയിലാക്കി.
എന്നാൽ, പോലീസിനെ ഞെട്ടിച്ച സംഗതി ഈ തട്ടിപ്പിനു പിന്നിൽ ഒരു സംഘം വിദ്യാർഥികളായിരുന്നു എന്നതാണ്.
പെൺകുട്ടികളുടെ പേരിൽ അക്കൗണ്ട് തുടങ്ങിയായിരുന്നു ഇവരുടെ തട്ടിപ്പ്. സോഷ്യൽ മീഡിയയിൽനിന്ന് പെൺകുട്ടികളുടെ പ്രൊഫൈലിൽ കയറി ചിത്രങ്ങൾ എടുക്കും.
തുടർന്ന് ഇവർ തുടങ്ങിയ അക്കൗണ്ടിന്റെ പ്രൊഫൈലിൽ ഈ ചിത്രം അപ്ലോഡ് ചെയ്യും. പിന്നെ റിക്വസ്റ്റ് അയച്ചു സുഹൃത്തുക്കളാക്കും. ഇരകളുടെ വിശദവിവരങ്ങൾ പരിശോധിച്ചായിരിക്കും ചാറ്റിംഗ് തുടങ്ങുക. കെണിയിൽ വീഴുന്ന ഇരകളുമായി വിലപേശൽ.
അക്കൗണ്ട് നന്പരിലേക്കു പണം നിക്ഷേപിച്ചാൽ അടുത്ത ഇരയെ തേടും. വിദ്യാർഥികളായതിനാലും നേതാവിനു പരാതിയില്ലാത്തതിനാലും കേസ് സ്റ്റേഷനിൽ വച്ചുതന്നെ ഒത്തു തീർത്തു.
സൈറ്റിലെ നന്പർ
കോളജ് വിദ്യാർഥിനിയെ ലഭിക്കും. ഈ നന്പരിൽ ബന്ധപ്പെടുക… എന്ന ഓൺലൈൻ സൈറ്റിലെ പരസ്യം കണ്ടാണ് കണ്ണൂർ മയ്യിൽ സ്വദേശിയായ യുവാവ് സൈറ്റിൽ കൊടുത്തിരിക്കുന്ന ഫോൺ നന്പറിൽ വിളിച്ചത്.
അങ്ങേ തലയ്ക്കൽ പെൺശബ്ദം. സൈറ്റിൽ കണ്ട നന്പറിൽനിന്നാണ് വിളിക്കുന്നതെന്നു പറഞ്ഞപ്പോൾ…നിങ്ങൾക്ക് ഏതു തരത്തിലുള്ള പെൺകുട്ടിയെ വേണമെങ്കിലും ലഭിക്കുമെന്നു മറുപടി.
ഉടൻതന്നെ ഫോണിലേക്കു പെൺകുട്ടികളുടെ ചിത്രങ്ങൾ എത്തുന്നു. ഫോട്ടോകൾ കണ്ടതും യുവാവ് മയങ്ങി. കണ്ണൂർ നഗരത്തിൽ എത്തിയിട്ടു വിളിച്ചാൽ മതിയെന്നു നിർദേശം.
(തുടരും).