ദോഹ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയെന്ന വിശേഷണം ലഭിച്ച പോരാട്ടത്തിനിടെ പരിക്കേറ്റ സൗദി അറേബ്യൻ താരം യാസർ അൽ ഷാറാനിയെ വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് മാറ്റി.
2 -1 എന്ന സ്കോറിന് ലീഡ് ചെയ്യുന്ന വേളയിൽ ബോക്സിലേക്ക് എത്തിയ അർജന്റീനിയൻ ക്രോസ് പ്രതിരോധിക്കുന്നതിനിടെ ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസിന്റെ കാൽ മുട്ട് പതിച്ച് ഷാറാനിയുടെ താടിയെല്ല് ഒടിഞ്ഞതായി നേരത്തെ കണ്ടെത്തിയിരുന്നു.
വിജയം തൊട്ടടുത്തെത്തിയ അധികസമയ വേളയിൽ സംഭവിച്ച അപകടം സൗദി ടീമിനെയും ആരാധകരെയും ആശങ്കയിലാഴ്ത്തിയിരുന്നു.
ബോധരഹിതനായി കളിക്കളത്തിൽ കിടന്ന ഷാറാനി സ്ട്രെച്ചറിൽ നിന്ന് “തംസ് അപ്പ്’ ചിഹ്നം ഉയർത്തിക്കാട്ടിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്.
ആശുപത്രിയിൽ വച്ച് നടത്തിയ പരിശോധനയിൽ താടിയെല്ലിനേറ്റ പൊട്ടലിന് പുറമേ മുഖത്തെ പേശികൾക്ക് പരിക്കും ആന്തരിക രക്തസ്രാവവും കണ്ടെത്തിയിരുന്നു.
ഇതോടെയാണ് താരത്തിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജർമനിയിലേക്ക് കൊണ്ട് പോകാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സുൽത്താൻ ഉത്തരവ് നൽകിയത്.