മകനു ആഴ്സണൽ ക്ലബ് താരം മെസ്യൂട്ട് ഓസിലിന്റെ പേരിട്ടു മലപ്പുറത്ത് പുത്തൻ ഫുട്ബോൾ ജ്വരം. മഞ്ചേരിക്കടുത്തു ഷാപ്പിൻകുന്ന് എടലോളി ഇൻസമാം ഉൾ ഹഖ് തന്റെ മകനു പേരിട്ടതു ആഴ്സണൽ ക്ലബിന്റെ മധ്യനിരതാരം മെസ്യൂട്ട് ഓസിലിന്റെ പേരാണ്.
ജർമൻതാരമായ മെസ്യൂട്ട് ഓസിൽ എന്ന നാമകരണത്തിൽ ചെറിയൊരു മാറ്റം വരുത്തി ’മെഹദ് ഓസിൽ’ എന്നാണ് പേരിട്ടിരിക്കുന്നത്. ആഴ്സണലിനോടും ഓസിലിനോടുമുള്ള ആരാധന മൂത്താണ് ഇൻസമാം ഉൾ ഹഖ് മകനു ഒരു മാസം ആയപ്പേഴേക്കും ഓസിലിന്റെ പേരിട്ടത്.
ഈ പേരിപ്പോൾ ലണ്ടനിലെ ആഴ്സണലിന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ മെഹ്ദ് ഓസിലിനെ ടാഗ് ചെയ്ത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുകയാണ്. സംഗതി ഇത്രത്തോളം എത്തുമെന്നു പിതാവ് ഇൻസമാം ഉൾ ഹഖും കുടുംബവും കരുതിയിരുന്നില്ല. ആഴ്സണൽ മുഖ്യപരിശീലകൻ ആഴ്സെൻ വെംഗറുടെ പേരിടാനായിരുന്നു സുഹൃത്തുക്കൾ നിർദേശിച്ചത്.
ഒടുവിൽ ഇൻസമാം ഓസിലിന്റെ പേര് കണ്ടെത്തുകയായിരുന്നു. ഇതിപ്പോൾ ആഴ്സണലിന്റെ എമിറേറ്റ്സ് സ്റ്റേഡിയം വരെ മെഹദ് ഓസിലിന്റെ പേരെത്തിയിരിക്കുന്നു. ആഴ്സണൽ കേരള സപ്പോർട്ടേഴ്സ് ക്ലബിൽ നിന്നായിരുന്നു തുടക്കം.
ഇൻസമാം ഉൾ ഹഖ് തന്റെ കുഞ്ഞിനെ മെസ്യൂട്ട് ഓസിലിന്റെ പേരിട്ടതു സപ്പോട്ടേഴ്സ് ക്ലബ് ആണ് ആഴ്സണലിന്റെ ഇന്ത്യൻ മീഡിയാ സംഘത്തെ അറിയിച്ചത്. തുടർന്നു കേരളത്തിലേക്കു വരുന്ന സമയത്ത് ബന്ധപ്പെടാമെന്നു മീഡിയാസംഘം അറിയിക്കുകയായിരുന്നു. തുടർന്നു മാർച്ച് രണ്ടാംവാരത്തിൽ ഇൻസമാമിന്റെ ഭാര്യ ഫിദസനത്തിന്റെ വീടായ അരീക്കോട്ടേയ്ക്കു ബംഗളൂരുവിൽ നിന്നു രണ്ടംഗ സംഘം എത്തി.
ഇവിടെ വച്ചാണ് കുഞ്ഞു ഓസിലിന്റെ വീഡിയോകളെടുത്തത്. ഇതാണ് ക്ലബിന്റെ ഫെയ്സ് ബുക്ക് പേജിൽ പങ്കുവച്ചത്. ആഴ്സണൽ സപ്പോട്ടേഴ്സ് ക്ലബിൽ വളർന്ന സൗഹൃദ ബന്ധങ്ങളാണ് ഫേസ്ബുക്ക് പേജ് അധികൃതരെ ഇൻസമാമിന്റെ വീട്ടിലെത്തിച്ചത്.
സംസ്ഥാനത്തു ധാരാളം ആരാധകരുള്ള ഗ്രൂപ്പാണിത്. കേരളത്തിലെ പോലെ ഇന്ത്യയുടെ പ്രധാന നഗരങ്ങളിലെല്ലാം ക്ലബിനു ആരാധകരുണ്ട്. ബംഗളൂരു, പൂനെ, മുംബൈ, കൊൽക്കത്ത, ബംഗളൂരു, ഡൽഹി എന്നിങ്ങനെ നിര നീളുകയാണ്. ഇവരെയെല്ലാം ഏകോപിച്ചുള്ള മറ്റൊരു സംഘം വേറെയും.
ക്ലബിനോടുള്ള ഇഷ്ടവും മറ്റെല്ലാം വിവരവും ഇൻസമാമിനോടു ചോദിച്ചറിഞ്ഞാണ് സംഘം മടങ്ങിയത്. മഞ്ചേരിയിൽ നിർമാണ് ഡിസൈൻ എന്ന ആർക്കിടെക്ചറൽ കണ്സൾട്ടൻസിയിൽ എൻജിനീയറാണ് ഇൻസമാം ഉൾ ഹഖ്. നാട്ടിലെ ഭൂരിഭാഗം പേരും ബാഴ്സലോണയുടെയും റയലിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ആരാധകരാണ്. എന്നാൽ താൻ ആഴ്സണൽ വിട്ടു ഏങ്ങോട്ടുമില്ലെന്നു ഇൻസമാം പറയുന്നു.
ടീം ജയിച്ചാലും തോറ്റാലും കൂടെയുണ്ടാകും. ക്ലബിനോടു അത്രയ്ക്കും ഇഷ്ടമാണ്. സഹോദരനും ആഴ്സണൽ ആരാധകനാണ്. ഇൻസമാമിന്റെ കുടുംബമെല്ലാം ഫുട്ബോളിനോടു ഭ്രമമുള്ളവരാണ്. ആഴ്സണലിന്റെ ജഴ്സിയും ഒട്ടേറെ ഇൻസമാമിനുണ്ട്. ഇപ്പോൾ മൂന്നുമാസം പ്രായമായ മെഹദ് ഓസിലിനു സുഹൃത്തു വഴി ദുബായിൽ നിന്നു ആഴ്സണലിന്റെ ജഴ്സിയെത്തിച്ചിരിക്കുകയാണ് ഇൻസമാം.