ഏറ്റവും പുതിയ നിർമിതബുദ്ധി ചാറ്റ്ബോട്ടായ മെറ്റ എഐ അസിസ്റ്റന്റ് ഇന്ത്യക്ക് പരിചയപ്പെടുത്തി മെറ്റ. വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്, മെസഞ്ചർ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് മെറ്റ ഇതിനെ രൂപപ്പെടുത്തിയിരിക്കുന്നത്. meta.ai എന്ന യുആർഎൽ വഴി എഐ ചാറ്റ്ബോട്ട് നേരിട്ട് ഉപയോഗിക്കാനും സാധിക്കും. രണ്ടു മാസം മുമ്പാണ് മെറ്റ എഐ പുറത്തിറങ്ങിയത്. ആദ്യഘട്ടത്തിൽ ന്യൂസിലൻഡ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഇതിന്റെ സേവനം ഇപ്പോൾ ഇന്ത്യയിലും ലഭ്യമാണ്.
ആപ്ലിക്കേഷനുകളുടെ അപ്ഡേറ്റഡ് ആയ വേർഷനുകളിൽ എല്ലാം നിലവിൽ മെറ്റ എഐ ലഭ്യമാണ്. ഓരോ പ്ലാറ്റ്ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്ഫോംസിന്റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
ചിത്രങ്ങൾ നിർമിക്കാനും വാട്സ് ആപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനും മെറ്റ എഐ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. കൃത്യതയോടെ ഇ-മെയിലുകൾ നിർമിക്കുന്നത് മുതൽ പാചകക്കുറിപ്പുകൾ തയാറാക്കാൻ വരെ ഈ നിർമിതബുദ്ധി ചാറ്റ്ബോട്ടിനു കഴിയും. കൂടാതെ സങ്കീർണമായ ഗണിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, നീണ്ട ഖണ്ഡികകളുടെ സംഗ്രഹം തയാറാക്കുന്നതിനും ഇതിനെ ഉപയോഗിക്കാവുന്നതാണ്.
എന്നാൽ ആപ്പിൾ ഉപകരണങ്ങളിൽ മെറ്റ എഐ അനുവദിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. മെറ്റ സേവനങ്ങൾ സ്വകാര്യത സൂക്ഷിക്കുന്നതിൽ വരുത്തുന്ന വീഴ്ചയാണ് ആപ്പിളിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. മെറ്റ പ്ലാറ്റ്ഫോംസിന്റെ ജനറേറ്റീവ് എഐ ആപ്പിളിന്റെ വിശ്വസനീയത തകർത്തേക്കുമെന്ന ഭയമാണ് ആപ്പിളിനെ പിന്തിരിപ്പിക്കുന്നത്.
എങ്ങനെ ഉപയോഗിക്കാം ?
വാട്ട്സാപ്പിൽ മെറ്റ എഐ ഉപയോഗിക്കുന്നതിനായി ആപ്ലിക്കേഷൻ തുറന്നതിന് ശേഷം ചാറ്റ്സ് ടാബിൽ ‘മെറ്റ എഐ’ എന്ന് സെർച്ച് ചെയ്യുക. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചതിനുശേഷം പ്രത്യക്ഷപ്പെടുന്ന ചോദ്യങ്ങളിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുകയോ സ്വന്തമായി എന്തെങ്കിലും ടൈപ്പ് ചെയ്തുണ്ടാക്കുകയോ ചെയ്യാം. അതിനുശേഷം സെന്റ് ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മെറ്റ എഐ പ്രതികരിക്കുന്നതാണ്.
നിങ്ങളുടെ ഇൻസ്റ്റാഗ്രാമിൽ മെറ്റ എഐ ലഭ്യമാണെങ്കിൽ നിലവിലുള്ള ഏതെങ്കിലും ഒരു ചാറ്റ് തുറന്നതിന് ശേഷം, താഴെ കാണുന്ന മെസേജ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ‘@’ എന്ന് ടൈപ്പ് ചെയ്തതിനു ശേഷം മെറ്റ എ ഐ തെരഞ്ഞെടുക്കുക. എന്തെങ്കിലും ചോദ്യങ്ങളോ നിർദേശങ്ങളോ ഉണ്ടെങ്കിൽ മെറ്റ എഐക്ക് നൽകാവുന്നതാണ്. മെസേജുകളുടെ മാതൃകയിൽ ചോദ്യങ്ങളും ഉത്തരങ്ങളും ചാറ്റ് ബോക്സിൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും.
ഇതേ മാതൃകയിൽ തന്നെ ഫേസ്ബുക്കിലും നിലവിലുള്ള ഏതെങ്കിലും ഒരു ചാറ്റ് തുറന്നതിന് ശേഷം മെറ്റ എഐ ഉപയോഗിക്കാവുന്നതാണ്. ചാറ്റ് ബാറിൽ ‘@’ എന്ന് ടൈപ്പ് ചെയ്തതിനു ശേഷം മെറ്റ എഐ തെരഞ്ഞെടുത്താൽ മതിയാകും. ചാറ്റ് ചെയ്യുന്ന രീതിയിൽൊതന്നെ ചോദ്യങ്ങൾ ചോദിക്കാവുന്നതും ഉത്തരങ്ങൾ സ്വീകരിക്കാവുന്നതുമാണ്.