തൃശൂർ: പതിനഞ്ചാമത് മഹീന്ദ്ര എക്സലൻസ് ഇൻ തിയേറ്റർ അവാർഡ്സ് (മെറ്റ) നാടകോത്സവത്തിന് രണ്ടു മലയാള നാടകങ്ങൾക്ക് നോമിനേഷൻ. ഒരാഴ്ച നീണ്ടുനിൽക്കുന്ന നാടകമേള മാർച്ച് 13 ന് ഡൽഹിയിലെ കമാനി ഓഡിറ്റോറിയത്തിലും ശ്രീരാം സെന്ററിലുമായി ആരംഭിക്കും.
കേരളത്തിൽനിന്നും പ്രമുഖ എഴുത്തുകാരനായ പോൾ സക്കറിയായുടെ “ഭാസ്കര പട്ടേലരും എന്റെ ജീവിതവും’ എന്ന നോവലിനെ ആസ്പദമാക്കി പ്രമുഖ സിനിമാ നാടക സംവിധായകനായ സുവീരൻ സംവിധാനം ചെയ്ത “ഭാസ്കരപട്ടേലരും തൊമ്മിയുടെ ജീവിതവും’ എന്ന നാടകമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
മികച്ച നാടകം, നിർമാണം, നല്ല നടൻ എന്നീ വിഭാഗങ്ങളിലേക്കാണ് ഈ നാടകം നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. നാലു വിഭാഗങ്ങളിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ട “മേസ്’ എന്ന ഭാഷാരഹിത നാടകത്തിന്റെ സംവിധായകൻ സുനിൽ കുമാറും നിർമാണം ദി മൈമേഴ്സും ആണ്. ഒരു വയോധികന്റെയും വേലക്കാരന്റെയും കഥയാണ് ഈ നാടകത്തിന്റെ പ്രമേയം.
മാർച്ച് 13 മുതൽ 18 വരെ ജൂറി അംഗങ്ങൾക്കും തെരഞ്ഞെടുത്ത സദസ്സിനും മുന്പിലാണ് നാടകം അവതരിപ്പിക്കുക. വിജയികളെ മാർച്ച് 19 ന് കമാണി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും.
മഹീന്ദ്ര ഗ്രൂപ്പും കലാ സാംസ്കാരിക മേഖലയിലെ പ്രമുഖ കന്പനിയായ ടീംവർക്ക് ആർട്സും ചേർന്നാണ് മെറ്റാ സംഘടിപ്പിക്കുന്നത്. ഈ വർഷം ജൂറി പാനലിനു മുന്നിൽ 385 നാടകങ്ങളാണ് നാമനിർദ്ദേശമായി എത്തിയത്.