ന്യൂഡൽഹി: ഓണ്‍ലൈൻ തട്ടിപ്പുകൾക്കു തടയിടാൻ വിവിധ സമൂഹമാധ്യമങ്ങളുടെ മാതൃകന്പനിയായ മെറ്റയുമായി കൈകോർക്കാനൊരുങ്ങി കേന്ദ്രസർക്കാർ. മെറ്റ അവതരിപ്പിച്ച ‘സ്കാം സേ ബചോ’ എന്ന ബോധവത്കരണപരിപാടിയിലൂടെ സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകളിൽനിന്നു ജനങ്ങളെ സുരക്ഷിതരാക്കാനാണു കേന്ദ്രത്തിന്റെ നീക്കം.
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ എന്നിവരുമായി സഹകരിച്ചാണു മെറ്റയുടെ പ്രവർത്തനം. രാജ്യത്ത് വർധിച്ചുവരുന്ന ഓണ്‍ലൈൻ തട്ടിപ്പുകൾക്ക് തടയിടാനായി രണ്ടു മാസം നീളുന്ന ബോധവത്കരണ പരിപാടികൾക്കാണു മെറ്റ തുടക്കമിട്ടത്.
ഓണ്‍ലൈൻ സുരക്ഷയെ സംബന്ധിച്ച് ഒന്‍പത് ഭാഷകളിൽ ലഭ്യമാകുന്ന ഉപഭോക്തൃ ബോധവത്കരണവും ദൂരദർശനിലൂടെ പ്രക്ഷേപണം ചെയ്യുന്ന ടോക്ക് ഷോകളും നിയമപാലകർക്കായുള്ള പരിശീലനപരിപാടികളും മെറ്റയുടെ പ്രചാരണത്തിന്റെ ഭാഗമാണ്.
കഴിഞ്ഞ വർഷം മാത്രം ഒരു കോടിയിലേറെ ഓണ്‍ലൈൻ തട്ടിപ്പു കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതെന്നും ഡിജിറ്റൽ ഇടപാടുകൾ ഇന്ത്യയിൽ വർധിച്ചുവരുന്നതിനാൽ ഇത്തരം തട്ടിപ്പുകൾക്കു തടയിടേണ്ടത് അനിവാര്യമാണെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ പറഞ്ഞു.
മെറ്റയുമായി സഹകരിച്ചു നടപ്പിലാക്കുന്ന ’സ്കാം സേ ബചോ’ പരിപാടിയെന്നത് ഇത്തരം ഭീഷണികളിൽനിന്നു സ്വയം സംരക്ഷിക്കാൻ ജനങ്ങളെ സജ്ജരാക്കുന്ന ദേശീയ മുന്നേറ്റമാണെന്ന് എസ്. കൃഷ്ണൻ വ്യക്തമാക്കി. നിലവിൽ ഓണ്‍ലൈൻ വഴിയുള്ള സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഏകദേശം എണ്ണൂറോളം കേസുകളാണ് ഒരു ദിവസം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2023-24 സാന്പത്തിക വർഷത്തിൽ ക്രഡിറ്റ് കാർഡും ഡിജിറ്റൽ ഇടപാടും ഉപയോഗിച്ച് ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള 29,802 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.